കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു. 2016 മുതല്‍ 2023 വരെയുള്ള കണക്ക് പ്രകാരം കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്.
സംസ്ഥാനത്ത് ദിനംപ്രതി സൈബര്‍ കുറ്റ കൃത്യങ്ങള്‍ കൂടുകയാണ്. ചീറ്റിങ്ങ് കേസുകളും, സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. 2016ല്‍ 283 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ അത് 320 ആയി ഉയര്‍ന്നു. 2018ല്‍ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2019ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020ല്‍ 426 കേസുകളും 2021ല്‍ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 815 കേസുകളും 2023 ഓഗസറ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 960 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അംഗീകാരമില്ലാത്ത ലോണ്‍ ആപ്പ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം ചതിയില്‍ പെട്ടാല്‍ ഉടന്‍ തന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാകും. കൂടാതെ കെ.എസ്.ബിയുടെ പേരില്‍, ഒ.എല്‍.എക്‌സിന്റ പേരില്‍ എല്ലാം ഇത്തരം തട്ടിപ്പുകള്‍ പെരുകുകയാണ്. കഴിഞ്ഞ ദവസം കോഴിക്കോട് സ്വദേശിയായ ബിസിനസ്സുകാരന് 3 കോടിയിലധികം രൂപയാണ് നഷ്ടമായത്.