കൊച്ചി: അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബറാക്രമണം. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചുകൊണ്ട് പാതയോരത്തെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ഇടങ്ങളിലെ ആക്രമണം.
കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയിലെ ഒരു പരിപാടിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പതിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അത് നീക്കം ചെയ്യാന്‍ ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള സൈബറാക്രമണം. ഇതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സൈബറാക്രമണങ്ങള്‍ക്ക് തടയിടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.