X

വിരാത് വീരനാവണം; പിങ്ക് ടെസ്റ്റ് ഇന്ന് മുതല്‍ ബെംഗളൂരുവില്‍

ബെംഗളൂരു: അവസാനമായി വിരാത് കോലി രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കിയത് 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായിയരുന്നു. അന്ന് നേടിയ 136 റണ്‍സിന് ശേഷം അദ്ദേഹം ബാറ്റിംഗ് മറന്നത് പോലെയാണ്. നല്ല തുടക്കം പലവേള കിട്ടിയിട്ടും അതൊന്നും വലിയ ഇന്നിംഗ്‌സായി രൂപാന്തരപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. ഇന്ന് ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി ഇവിടെ നടക്കുമ്പോള്‍ ചര്‍ച്ചകള്‍ കോലിയിലേക്ക് തന്നെ. ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ പിറകില്‍ നില്‍ക്കുന്ന ടീമിന് ഇവിടെ ജയിച്ചാല്‍ റാങ്കിംഗില്‍ മുന്നേറാനാവും. ആദ്യ മല്‍സരം മൊഹാലിയില്‍ നടന്നപ്പോള്‍ അനായാസം ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കാര്യമായ വെല്ലുവിളികളുണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്.

ലങ്കക്ക് വലിയ തിരിച്ചടിയായി അവരുടെ പ്രധാന ബാറ്റര്‍ പതം നിസങ്ക പരുക്കില്‍ പുറത്തായിട്ടുണ്ട്. മുന്‍നിരയിലെ ഈ വിശ്വസ്തന്‍ നല്ല ഫോമില്‍ കളിക്കുന്ന താരമായിരുന്നു. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ നല്‍കുന്ന സൂചന. അക്‌സര്‍ പട്ടേല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ വന്നേക്കാം. അപ്പോള്‍ ആര് പുറത്താവും എന്ന ചോദ്യവുമുണ്ട്. രോഹിതും മായങ്ക് അഗര്‍വാളും ഇന്നിംഗ്‌സിന് തുടക്കമിടും. ഹനുമ വിഹാരി, വിരാത് കോലി, ശ്രേയാംസ് അയ്യര്‍, റിഷാഭ് പന്ത് എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലെത്തും. മൊഹാലിയിലെ മാജിക് പ്രകടനം വഴി രവീന്ദു ജഡേജയും റെക്കോര്‍ഡ് പ്രകടനം നഴി അശ്വിനും ടീമിലുള്ളപ്പോള്‍ അക്‌സര്‍ പട്ടേലിന് അവസരം നല്‍കണമെങ്കില്‍ ഒരു ബാറ്ററെ കുറക്കേണ്ടി വരും. പിങ്ക് ബോളില്‍ ഇന്ത്യയെ വിറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്തതിനാല്‍ പൊരുതി നില്‍ക്കുക എന്നതായിരിക്കും ലങ്കന്‍ തന്ത്രം. പക്ഷേ ഒട്ടും ഫോമില്‍ അല്ലാത്ത ബാറ്റര്‍മാരെ വെച്ച് എന്ത് ചെയ്യുമെന്നതാണ് പ്രശ്‌നം. മല്‍സരം ഉച്ചത്തിരിഞ്ഞ് രണ്ട് മുതല്‍.

Test User: