X

വീണ്ടും ചോദ്യംചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു; ഇനി ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലിന് പിന്നാലെ ശനിയാഴ്ചയും തുടര്‍ന്ന കസ്റ്റംസ് ചോദ്യംചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു.

തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ ഇന്ന് രാത്രി വൈകി പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ ശിവശങ്കറിനെതിരെ സംശയം ഉയര്‍ന്ന എല്ലാ വിഷയത്തിലും ചോദ്യംചെയ്യാനാണ് തീരുമാനം. സമാന്തരമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളോടും വിവരം തേടുന്നുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശനിയാഴ്ച കസ്റ്റംസ് ശിവശങ്കറില്‍നിന്ന് ആരാഞ്ഞത്. യുഎഇയില്‍നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച കസ്റ്റംസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിരുന്നു. 11 മണിക്കൂറാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തത്. ശനിയാഴ്ചത്തെയും ചോദ്യംചെയ്യലും മണിക്കൂറുകള്‍ നീണ്ടു. അതിനുശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ പതിവുപോലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്.

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സന്ദീപും കരുതല്‍ തടങ്കലില്‍. കോഫെപോസ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കാനാണ് ഉത്തരവ്. അതേസമയം, അനധികൃതമായി വിദേശകറന്‍സി കടത്താന്‍ സഹായിച്ചതിന് സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തേക്കും. ശിവശങ്കറിന്റെ കാര്യത്തില്‍ നിര്‍ണായക നീക്കം ശനിയാഴ്ച കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിടെയാണ് കാക്കനാട് വനിതാ ജയിലിലെത്തി കസ്റ്റംസ് സ്വപ്ന സുരേഷിനെയും ചോദ്യം ചെയ്തത്.

 

chandrika: