കൊച്ചി: മന്ത്രി കെടി ജലീലിനെതിരെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കസ്റ്റംസ് കേസെടുത്തുവെന്ന് റിപ്പോര്‍ട്ട്. ചട്ടംലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിനാണ് കസ്റ്റംസ് കേസെടുത്തത്. ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
4479 കിലോയുള്ള നയതന്ത്ര പാക്കറ്റാണ് എത്തിയത്. ഇതില്‍ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത്. ഇത് മലപ്പുറത്തേക്കാണ് എത്തിച്ചത്. ഈ വിഷയത്തിലാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചട്ടലംഘനത്തെ കുറിച്ച് ജലീലിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഒരു ചോദ്യത്തിന് ജലീലിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് വിവരം. ഇന്നലെയാണ് ജലീലിനെ ചോദ്യം ചെയ്തത്.
കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.
ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകര്‍പ്പ് ഇന്നലെ രാത്രി തന്നെ ഡല്‍ഹിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെങ്കില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ നിലപാട്. കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആന്‍ കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്‌നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. അന്നുതന്നെ സ്വപ്‌നയെ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.