X

മന:പൂര്‍വ്വം സൃഷ്ടിച്ച അപകടമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ല; ഹൈക്കോടതി

കൊച്ചി സര്‍വകലാശാലയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. കുസാറ്റ് ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണം. പരിപാടി സംഘടിപ്പിച്ച കുട്ടികളെ വേദനിപ്പിക്കരുത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്നും ഹൈക്കോടതി.

കുസാറ്റ് ദുരന്തത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ സ്വഭാവം സര്‍ക്കാര്‍ പത്ത് ദിവസത്തിനകം അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സര്‍വകലാശാലയ്ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട് എന്ന് ഓര്‍മ്മിപ്പിച്ച കോടതി പരിപാടി സംഘടിപ്പിച്ച കുട്ടികളെ കുറ്റപ്പെടുത്തരുതെന്നും വേദനിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. ഇത് എല്ലാവരും മനസില്‍ സൂക്ഷിക്കണമെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

ആവര്‍ത്തിക്കരുതാത്ത ദുരന്തമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് നിരീക്ഷിച്ച കോടതി സംഭവത്തില്‍ വേദനയുണ്ടെന്നും വ്യക്തമാക്കി. വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. ദുരന്തം പൊതുസമൂഹത്തിന്റെ മനസില്‍ അധികം നാളുണ്ടാവില്ല. എന്നാല്‍ കുട്ടികളെ നഷ്ടപ്പെട്ട കുടുംബത്തിന് എന്നും നോവായിരിക്കും. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല. അപകടങ്ങള്‍ സംഭവിക്കും. അതൊന്നും മനപൂര്‍വ്വമല്ല. ചിലപ്പോള്‍ സംവിധാനത്തിന്റെ പരാജയമാകാം. അത് അന്വേഷണത്തിലൂടെ പുറത്തുവരും. ആരെങ്കിലും മന:പൂര്‍വ്വം സൃഷ്ടിച്ച അപകടമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

webdesk14: