X
    Categories: CultureMoreViews

റാങ്ക് പതിനായിരമായാലും എം.ബി.ബി.എസ്; വില 80 ലക്ഷം മുതല്‍ ഒരു കോടി വരെ

എ.പി താജുദ്ദീന്‍

കണ്ണൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ പ്രവേശനവും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കാന്‍ നടപ്പിലാക്കിയ അഖിലേന്ത്യാ യോഗ്യതാ പരീക്ഷയായ നീറ്റും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. നീറ്റിലെ മെറിറ്റ് അടിസ്ഥാനമാക്കി അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന ക്വാട്ടയിലേക്കും പ്രവേശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ടും മൂന്നും ഇരട്ടി ഫീസിന് അനധികൃത കച്ചവടവും തുടരുകയാണ്. വിവിധ കല്പിത സര്‍വ്വകലാശാലകളിലേക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുമാണ് വന്‍ ഫീസില്‍ പിന്‍വാതിലിലൂടെ പ്രവേശനം നടക്കുന്നത്.

ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളില്‍ 80 ലക്ഷം രൂപയും കല്പിത സര്‍വ്വകലാശാലയില്‍ ഒരു കോടി രൂപയുമാണ് ഒരു എംബിബിഎസ് സീറ്റിന്റെ ഫീസ് നിരക്ക്. സര്‍ക്കാര്‍ ഫീസ് 30 ലക്ഷത്തില്‍ താഴെയായിരിക്കെയാണ് ഈ തീവെട്ടിക്കൊള്ള. അര്‍ഹതയുള്ളവരുടെ സീറ്റ് കവര്‍ന്നെടുത്തുകൊണ്ടാണ് നീറ്റ് മറിടകന്ന് ഈ കച്ചവടം. അവസാന അലോട്ട്‌മെന്റും കഴിഞ്ഞ് ഒഴിവു വരുന്ന സീറ്റ് മാനേജ്‌മെന്റിന് നികത്താമെന്ന കരാറിലെ വ്യവസ്ഥയാണ് ഈ അട്ടിമറിക്ക് വഴിയൊരുക്കിയത്.

ന്യൂനപക്ഷ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോളജ് നടത്തുന്ന മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് പത്തു ശതമാനമെങ്കിലും കമ്മ്യൂണിറ്റി ക്വാട്ട കോടതി അനുവദിക്കുമെന്നോ അതിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദം മൃദുപ്പെടുത്തി വഴിയൊരുക്കുമെന്നോ ആണ് മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നത്. ആ വഴി വരാന്‍ പോകുന്ന സീറ്റുകളിലേക്കാണ് ഇത്തരം കോളജുകളില്‍ കച്ചവടം ആരംഭിച്ചിരിക്കുന്നത്. നീറ്റ് സ്‌കോര്‍ 720ല്‍ 350 കിട്ടിയ അതത് സമുദായത്തില്‍ പെട്ടവര്‍ക്കാണ് ഇവിടെ പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. നീറ്റ് സ്‌കോര്‍ 350 എന്നാല്‍ അഖിലേന്ത്യാ റാങ്ക് ഒരു ലക്ഷത്തിനും കീം മെഡിക്കല്‍ റാങ്ക് 10000 നും മുകളിലാണ്. രണ്ടായിരം റാങ്ക് ലഭിച്ചവര്‍ക്ക് പോലും മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരിക്കുമ്പോഴാണ് അര്‍ഹത മറികടന്നുള്ള ഈ പ്രവേശനം.

കല്പിത സര്‍വ്വകലാശാലകളും പൊതു സ്വാശ്രയ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകളും രണ്ടു വിധത്തിലാണ് സീറ്റ് ഒഴിച്ചിട്ട് കച്ചവടം ഉറപ്പിക്കുന്നത്. സര്‍ക്കാര്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനത്തിന് വരുന്നവരുടെ സമയ ക്ലിപ്തത പാലിക്കുന്നതിലൂടെയും രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നതിലൂടെയും പരമാവധി പേര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് അവസാന അലോട്ട്‌മെന്റിന് ശേഷവും സീറ്റുകള്‍ ഒഴിവു വരുന്ന സാഹചര്യം സൃഷ്ടിക്കലാണ് ഒന്നാമത്ത വിധം. ഉദാഹരണത്തിന് ഓഗസ്റ്റ് 5 വൈകുന്നേരം അഞ്ചു മണിയാണ് ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തേണ്ട സമയമെങ്കില്‍ 5.01ന് റിപ്പോര്‍ട്ട് ചെയ്യുന്നവരെ പരിഗണിക്കില്ല. ആവശ്യമായ തുകയുടെ ഡിഡി കൈയ്യിലില്ലാത്തവരെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലുള്ള നിസാര രേഖകള്‍ ഹാജരാക്കാത്തവരെയും നിഷ്‌ക്കരുണം പുറത്താക്കും. ആദ്യ അലോട്ട്‌മെന്റിലോ അഖിലേന്ത്യാ അലോട്ട്‌മെന്റിലോ വിദൂരങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ക്ഷനിലൂടെ അടുത്ത അലോട്ട്‌മെന്റില്‍ മാറ്റം ലഭിക്കുമ്പോള്‍ ചേര്‍ന്ന് കോളജില്‍ നിന്ന് അടച്ച ഫീസ് തിരിച്ചുവാങ്ങി യാത്ര ചെയ്ത് പുതുതായി പ്രവേശനം ലഭിച്ച കോളജിലെത്താന്‍ നിശ്ചിത ഇടവേളയില്‍ സാധിച്ചെന്ന് വരില്ല. അത്തരക്കാരുടെ സീറ്റിലും മാനേജ്‌മെന്റ് നോട്ടമിട്ടതായാണ് അറിയുന്നത്. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അടച്ചതിനേക്കാള്‍ കൂടുതല്‍ തുക നല്‍കി ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കലാണ് രണ്ടാമത്തെ വിധം.

പിന്‍വാതില്‍ പ്രവേശനം ആരംഭിച്ച കോളജുകള്‍ ഒന്നും തന്നെ നിലവില്‍ മുഴുവന്‍ തുകയും വാങ്ങി വിദ്യാര്‍ത്ഥികളെ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ല. 10 ലക്ഷം രൂപ ടോക്കണ്‍ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന ഏകജാലക അലോട്ട്‌മെന്റുകള്‍ അവസാനിച്ച ശേഷം ബാക്കി പണം അടച്ച് പ്രവേശിപ്പിക്കാമെന്നാണ് അലിഖിത കരാര്‍. അങ്ങനെ അല്ലാത്തവര്‍ക്ക് അടച്ച പണം തിരികെ ലഭിക്കുന്നതല്ല. നേരിട്ടും ഏജന്റുമാര്‍ മുഖേനയുമാണ് ഇടപാടുകള്‍. സംസാരം നേരിട്ടു മാത്രം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: