പാഠ്യ പദ്ധതി പരിഷ്‌കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക തകര്‍ച്ചയാണെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.സംഘപരിവാര്‍ നയങ്ങള്‍ ഉള്ളടക്കങ്ങളാക്കി 34 വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഏറെ ക്രമക്കേടുകള്‍ക്കും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമായ നയങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ ഈ വിദ്യാഭ്യാസ നയം പുറത്തിറങ്ങിയതോടെ അതിനെ അംഗീകരിച്ചു അനാവശ്യ തിടുക്കം കാണിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്.
കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2007-ല്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ‘കേരള പാഠ്യ പദ്ധതി ചട്ടക്കൂട’ മുന്നോട്ട് വെച്ചത് മത നിരാസവും, യുക്തി വാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നയങ്ങളായിരുന്നു. മതമില്ലാത്ത ജീവന്‍ പഠഭാഗമാക്കി കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിന്ന് വ്യതിചലിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച അതേ സമീപനം തന്നെയാണ് ഇന്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്തുടരുന്നത്.
കേരളത്തിന്റെ അക്കാദമിക മേഖലയെ പിറകോട്ടടിപ്പിച്ച 2007-ലെ പരിഷകാരത്തിന്റെ തനിയാവര്‍ത്തനമായി നടപ്പാക്കാനിരിക്കുന്ന പുതിയ പരിഷ്‌കാരം അംഗീകരിക്കാനാകില്ല.ലിംഗ സമത്വമെന്ന പേരില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളും, ലിബറല്‍ ആശയങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് സാന്നിവേശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ കമ്മ്യൂണിസ്റ്റ് അജണ്ടയെ ചെറുത്തു തോല്‍പ്പിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.