X

പാഠ്യ പദ്ധതി പരിഷ്‌കരണവും അറബിഭാഷയും

എം. തമീമുദ്ദീന്‍

കേരളത്തില്‍ സ്‌കൂള്‍ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമീപനം, ഉള്ളടക്കം, വിനിമയം, മൂല്യനിര്‍ണയം, ബോധനരീതി എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സാമൂഹിക രേഖയാണ് പാഠ്യപദ്ധതി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അറിവിന്റെ വ്യത്യസ്ത മേഖലകളില്‍ ഉണ്ടായ വികാസത്തെ പരിഗണിച്ചുകൊണ്ടുള്ള പരിഷ്‌കരണമാണ് നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവന്നിട്ടുള്ളത്. പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, പാഠ്യ പദ്ധതി കോര്‍ കമ്മിറ്റി എന്നിവ രൂപീകരിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളും ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സംബന്ധിച്ച പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്താനും പൊതുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് പേപ്പറുകള്‍ തയ്യാറാക്കുകയും ബന്ധപ്പെട്ട സമിതികള്‍ ചര്‍ച്ചചെയ്ത് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കുകയും ചെയ്യാനുമാണ് സര്‍ക്കാര്‍ തീരുമാനം.

പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ ഭാഷാ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. പഠനപ്രക്രിയ ഫലപ്രദമായി നടക്കേണ്ടതുണ്ട്. ഭാഷയെ വ്യവഹാര രൂപമായി സ്വീകരിക്കുമ്പോള്‍ ഭാഷാ വ്യവഹാര രൂപങ്ങള്‍ ഉചിതമായും കാര്യക്ഷമമായും പ്രയോഗിക്കാന്‍ കഴിയേണ്ടതുണ്ട്. ആഴത്തിലുള്ള ഭാഷാശേഷി നേടുന്നതിന് ബോധനരീതിയില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ഭാഷ വ്യവഹാര രൂപം എന്നതിലുപരി ഒരു സാംസ്‌കാരിക രൂപം എന്ന നിലയില്‍ ക്ലാസ് മുറിയില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

അറബി ഭാഷാ പഠനം ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിലവിലുണ്ട്. അറബിക്, സംസ്‌കൃതം ഓറിയന്റല്‍ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ഒന്നാം ഭാഷയായി (ഒന്നും രണ്ടും പേപ്പറുകള്‍) യഥാക്രമം അറബിക് സംസ്‌കൃതം ഭാഷകളാണ് പഠിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തലത്തില്‍ മലയാളം, അറബിക്, ഹിന്ദി, സംസ്‌കൃതം എന്നിവ രണ്ടാം ഭാഷയായും ഐച്ഛികമായും പഠിക്കുന്നു. ഈ ക്രമത്തിലുള്ള ഭാഷാപഠന സംവിധാനം അതേതലത്തില്‍തന്നെ നിലനില്‍ക്കേണ്ടതുണ്ട്. ഇവയുടെ പഠന മേഖലകളില്‍ കാലാനുസൃതമായ പരിവര്‍ത്തനം അനിവാര്യമാണ്. ഭാഷാ പഠനത്തിന് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന് സമീപനപരമായ കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഭാഷാശേഷീവികാസത്തിനൊപ്പം കുട്ടികളുടെ സര്‍ഗാത്മകതയുടെയും ഭാവനശേഷിയുടെയും വികാസം ഉറപ്പിക്കുന്ന തരത്തില്‍ ഭാഷാപഠനം സമഗ്രമാക്കേണ്ടതുണ്ട്. അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക സാങ്കേതിക വൈജ്ഞാനിക തൊഴില്‍ മേഖലകളില്‍ അറബി ഭാഷയുടെ പഠനവും തൊഴില്‍ സാധ്യതകളും കേരളത്തില്‍ ഒട്ടേറെ പ്രാധാന്യമര്‍ഹിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബി ഭാഷ ആധുനികമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുതന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. കേരളവും അറബിഭാഷയും തമ്മില്‍ നൂറ്റാണ്ടുകളുടെ ചരിത്ര ബന്ധമാണുള്ളത്. അറബി രാഷ്ട്രഭാഷ അല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്‌കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. പ്രൈമറി തലം മുതലുള്ള അറബി ഭാഷാ പഠനം കൂടുതല്‍ കാര്യക്ഷമമായി വിദ്യാലയങ്ങളില്‍ നടക്കേണ്ടതുണ്ട്.

അറബി ഭാഷാ പഠനം കേരളത്തിലെ സ്‌കൂളുകളില്‍ ഔദ്യോഗികമായി ആരംഭിച്ചിട്ട് 110 വര്‍ഷം പിന്നിട്ടു. 1912 ല്‍ തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ചരിത്ര നിയോഗം എന്ന പോലെയാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിദ്യാഭ്യാസപരമായ ഇടപെടലുകളുടെ ഫലമായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അറബി ഭാഷാ പഠനത്തിന് സംവിധാനവും വ്യവസ്ഥയും ഉണ്ടാക്കിയത്. പ്രാരംഭ നാളുകളില്‍ ഖുര്‍ആന്‍ ടീച്ചര്‍ എന്ന തസ്തികയിലായിരുന്നു അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടിരുന്നത്. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1967 ലാണ് ഖുര്‍ആന്‍ അധ്യാപകര്‍ ഭാഷാ അധ്യാപകരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. പ്രീ പ്രൈമറി മുതല്‍ സര്‍വകലാശാല തരം വരെ അറബി ഭാഷാ വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രൈമറി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പന്തീരായിരത്തോളം അറബി അധ്യാപകര്‍ ജാതിമത

ഭേദമന്യേ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട് 18 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഈ വിഭാഗങ്ങളിലായി പഠിക്കുന്നുമുണ്ട്.
ഭാഷ എന്നത് പ്രയോഗ തലത്തിലെ വ്യവഹാരങ്ങളാണ്. അത് നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കണം. ഭാഷാ പഠനത്തിന് കുട്ടികള്‍ ഉപാധികളായി സ്വീകരിക്കുന്നത് ശ്രവണങ്ങള്‍, കാഴ്ചകള്‍, എഴുത്ത്, സംസാരരീതികള്‍, ശരീരചേഷ്ടകള്‍ മുതലായവയാണ്. അധ്യാപകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് കുട്ടിയില്‍ അവ രൂപപ്പെടുന്നത്. വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങള്‍ ആയിരുന്നു അറബി പാഠ്യ പദ്ധതിക്ക് ഉണ്ടായിരുന്നത് എന്ന് കാണാം. ഭാഷാ വസ്തുതകള്‍, ക്ലാസിക്കല്‍ സാഹിത്യങ്ങള്‍, ചില പദങ്ങള്‍, പ്രയോഗങ്ങള്‍, വായന, എഴുത്ത്, സംസാരം എന്നിവക്കായിരുന്നു അത്. അത്തരം ഘട്ടങ്ങള്‍ കടന്നുവന്ന് അറിവ് നിര്‍മാണം എന്ന മറ്റൊരു തലത്തിലാണ് നാമിപ്പോള്‍ എത്തിനില്‍ക്കുന്നത്. കേരളത്തില്‍ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണങ്ങളോടൊപ്പം അറബി ഭാഷാ പഠനവും കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ തലത്തിലെ അറബി ഭാഷാ പഠനത്തില്‍ മുന്നില്‍നില്‍ക്കുന്നത് കേരളമാണ്. കാരണം വ്യവസ്ഥാപിതമായ പാഠ്യപദ്ധതിയും മികച്ച പാഠപുസ്തകങ്ങളുമാണ് ഇവിടെ ഉള്ളത്. മികവില്‍ നിന്നും മികവിലേക്ക് എന്നതാണ് ഓരോ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെയും സമീപനം. ഓരോ പാഠ്യ പദ്ധതി പരിഷ്‌കരണവും ആവശ്യപ്പെട്ടത് സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതും, അത് എങ്ങനെ സാക്ഷാത്കരിക്കാന്‍ കഴിയും എന്നതും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

(കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ -കെ.എ.എം.എ-ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

 

Test User: