ഉബൈദുല്ല താനാളൂര്‍
കേരള പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹ ചര്‍ച്ചക്കായുള്ള കുറിപ്പ് എന്ന പേരില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SERT) തയ്യാറാക്കിയ കരട് രേഖയില്‍ വിവാദപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ വന്ന സാഹചര്യത്തില്‍ ചട്ടക്കൂടിലെ ‘കുട്ടികളെ വിദ്യാലയങ്ങളില്‍ ആണ്‍പെണ്‍ ഇടകലര്‍ത്തി ഇരുത്തണമെന്ന’ ഭാഗം നീക്കം ചെയ്തത് ആശ്വാസമാണെങ്കിലും ഒരു ഖണ്ഡിക മാത്രം നീക്കം ചെയ്തതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് തോന്നിപ്പിക്കുന്നവിധമാണ് ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് വൈകിയുദിച്ച ബോധോദയം ഒന്നിച്ചിരുന്നാല്‍ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ വഴിയൊരുക്കി എന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ആണ്‍ പെണ്‍ ഇടകലര്‍ന്നുള്ള ഇരുത്തവും വിദ്യാര്‍ഥികളുടെയൂണിഫോമിലെ ഏകീകരണവും മാത്രമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്ന് ഇതുസംബന്ധമായ ചട്ടക്കൂടിലെ പരാമര്‍ശങ്ങള്‍ തെളിയിക്കുന്നു. ലിംഗ സമത്വമല്ല ലിംഗ നീതിയാണ് യഥാര്‍ഥത്തില്‍ ആവശ്യം. പാഠ്യപദ്ധതി കരട്‌രേഖയിലെ സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും മതനിരാസ ചിന്താഗതിയുമാണ് പ്രധാനമായും പ്രതിഷേധാര്‍ഹമായിട്ടുള്ളത്. മൂല്യബോധം നശിപ്പിക്കാനും ധാര്‍മിക ചിന്ത അകറ്റിനിര്‍ത്താനുമുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് ചട്ടക്കൂടില്‍ ഒളിഞ്ഞ്കിടക്കുന്ന അജണ്ടകളില്‍ പലതും. പുതിയ സമൂഹത്തെ ദൈവനിഷേധത്തിലേക്ക് തള്ളിവിടുന്ന ചിന്തകളും പ്രവര്‍ത്തനരീതികളുമാണ് കാണുന്നത്. അധാര്‍മികതയും കുത്തഴിഞ്ഞതുമായ കാമ്പസ് ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള പരാമര്‍ശങ്ങളാണ് പൊതുവെ രേഖയില്‍ കാണുന്നത്. അറബി ഭാഷാ പഠനം വിദ്യാലയങ്ങളില്‍നിന്നും നീക്കം ചെയ്യുന്നതിന് ആസൂത്രിത ശ്രമവും ഒളിഞ്ഞ് കിടപ്പുണ്ട്. സ്‌കൂള്‍ സമയ മാറ്റവും ഇതിലെ മറ്റൊരജണ്ടയാണ്.
2007ല്‍ പുറത്ത്‌വന്ന വിദ്യാഭ്യാസ സമീപന രേഖയിലെ ഉള്ളടക്കങ്ങള്‍ക്ക് സമാനമായി വേണം ഈ പാഠ്യപദ്ധതി ചട്ടക്കൂടിനെയും കരുതാന്‍. സമീപന രേഖയിലെ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളില്‍ മതനിഷേധം വളര്‍ത്തിയെടുക്കാനുള്ള നീക്കങ്ങളില്‍പെട്ടതായിരുന്നു. സമീപന രേഖയില്‍ അറബി ഭാഷയോടുള്ള വിവേചനവും സ്‌കൂള്‍ സമയമാറ്റവും മതനിഷേധ ചിന്താഗതികളും ഉയര്‍ന്നതോടെ കെ.എ.ടി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടുക്കും പ്രക്ഷോഭ പരിപാടികള്‍ നടന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധ വാഹന ജാഥകളും ബോധവത്കരണ പരിപാടികളും അരങ്ങേറി. ഒടുവില്‍ കെ.എ. ടി.എഫിന്റെതന്നെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിക്ക് കളമൊരുക്കുകയും സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്താന്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയും ചെയ്തതോടെ സര്‍ക്കാറിന് സമീപനരേഖ പിന്‍വലിക്കേണ്ടിവന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അന്നത്തെ സര്‍ക്കാറിന് സമീപനരേഖയുമായി മുന്നോട്ട്‌പോകാനായില്ല.
പാഠ്യപദ്ധതി ചട്ടക്കൂടില്‍ പേജ് 52ല്‍ കാണുന്ന ചില പരാമര്‍ശങ്ങള്‍ ഇങ്ങനെ വായിക്കാം. ‘പരമ്പരാഗതമായ എല്ലാ അറിവും പ്രയോഗവും ശരിയായിരുന്നുവെന്ന് കരുതുക വയ്യ. വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് പഠിതാവ് ചെയ്യേണ്ടത്. മുമ്പത്തെ മനുഷ്യര്‍ക്ക് ഇപ്പോഴുള്ളവരേക്കാള്‍ പ്രകൃതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ സംബന്ധിച്ച അറിവ് കുറവായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ വിടവ് വിശ്വാസമാണ് നികത്തിയിരുന്നത്. ആ അന്ധവിശ്വാസങ്ങള്‍ സയന്‍സിന്റെ വെളിച്ചത്തില്‍ അകന്ന് പോയ കഥകൂടി ചേര്‍ത്താവണം ഇന്ത്യന്‍ പാരമ്പര്യത്തെ മനസ്സിലാക്കേണ്ടത്’. വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി മുദ്രകുത്തി അവയെ അവജ്ഞയോടെ തള്ളിക്കളയണമെന്ന ചിന്താഗതി വളര്‍ത്തുകയാണിവിടെ. ഇന്ത്യന്‍ പാരമ്പര്യത്തെ മനസ്സിലാക്കുമ്പോള്‍ നാം ഗ്രഹിച്ച പലതിനേയും തിരുത്തിയെഴുതേണ്ടി വരുമെന്നര്‍ഥം. വിദ്യാലയങ്ങളില്‍ വികലമായ ആശയങ്ങള്‍ കുത്തിവെച്ച് വിദ്യാര്‍ഥികളെ മതനിരാസാ ചിന്താഗതിക്കാരാക്കിമാറ്റാനുള്ള ആസൂത്രിതമായ നീക്കങ്ങളില്‍ ചിലതാണ് ഇവിടെ പ്രകടമായത്.
പാഠ്യപദ്ധതി ചട്ടക്കൂടിലെ ഒളിയജണ്ടകള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ മുന്നോട്ട്‌പോകുന്നതിനിടയില്‍ വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തണമെന്ന പരാമര്‍ശം നീക്കിയതോടെ സമരപരിപാടികള്‍ക്ക് ശക്തി കുറഞ്ഞോ എന്ന് തോന്നിപ്പോവുകയാണ്. ചട്ടക്കൂടിലെ അറബിഭാഷാവിവേചനവും സ്‌കൂള്‍ സമയമാറ്റവുമെല്ലാം ഏറെ പ്രതിഷേധാര്‍ഹമായ പരാമര്‍ശങ്ങളാണ്. അതുകൊണ്ടുതന്നെയാണ് സമരരംഗത്തുള്ള മറ്റ് സംഘടനകളെപ്പോലെ തന്നെ റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും (ആര്‍.എ. ടി.എഫ്) സമരാഹ്വാനവുമായി രംഗത്ത്‌വരികയും ഓഗസ്റ്റ് 30ന് സെക്രട്ടറിയേറ്റ് ധര്‍ണ പ്രഖ്യാപിക്കുകയും ചെയ്തത്. ക്ലാസ് മുറികളില്‍ ആണ്‍പെണ്‍ ഇടകലര്‍ന്നിരിക്കണമെന്ന പരാമര്‍ശം പിന്‍വലിച്ചതോടെ തത്കാലം ആര്‍.എ.ടി.എഫ് ധര്‍ണ പരിപാടി മാറ്റിവെക്കുകയായിരുന്നു.
സ്‌കൂള്‍ പഠനസമയം മാറ്റണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ശക്തമായ എതിര്‍പ്പ് മൂലം 2007ല്‍ നിര്‍ത്തിവെച്ച അതേ ആവശ്യം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് ഉചിതമാകില്ലെന്ന് പറയാതെ വയ്യ. സ്‌കൂള്‍ സമയമാരംഭം രാവിലെ 8 മണിക്ക് ആയിരിക്കണമെന്ന പഴയ നിര്‍ദ്ദേശത്തിന് പിന്‍ബലമുണ്ടാക്കുന്ന രൂപത്തിലാണിപ്പോള്‍ ഇതുസംബന്ധിച്ച് ചട്ടക്കൂടില്‍ പേജ് 18ല്‍ വന്ന പരാമര്‍ശം. ‘നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും’. എന്നതാണ് തല്‍സംബന്ധമായി പ്രതിപാദിച്ചിട്ടുള്ളത്. 2007ലെ സമീപന രേഖയില്‍ സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ പരാമര്‍ശത്തില്‍ വിദ്യാലയങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ മൂന്ന് മണിവരെ ആയിരിക്കണമെന്നായിരുന്നു ഉദ്ദേശം. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സമീപന രേഖ പിന്‍വലിച്ചതോടെ ആ ഉദ്യമം ഫലം കണ്ടില്ല. എന്നാലിതാ ഇപ്പോഴത്തെ ചട്ടക്കൂടില്‍ സ്‌കൂള്‍ സമയമാറ്റം വീണ്ടും പുറത്ത് വന്നിരിക്കുന്നു. സ്‌കൂള്‍ സമയമാറ്റം വളരെ അനിവാര്യമാണെന്ന കണ്ടെത്തല്‍ ഏറെ ആശങ്കക്ക് ഇടവരുത്തുന്നതാണ്. ഇപ്പോള്‍ 10 മണിക്കും പത്തരക്കും ആരംഭിക്കുന്ന വിദ്യാലയങ്ങള്‍ രാവിലെ എട്ടിനോ എട്ടരക്കോ ആരംഭിക്കേണ്ടിവന്നാല്‍ അതോടെ മദ്രാസാവിദ്യാഭ്യാസത്തിന് പൂട്ട് വീഴുമെന്നതില്‍ സംശയിക്കാനില്ല.