X

പാഠ്യപദ്ധതി ചട്ടക്കൂടിലെ ഒളിയജണ്ട

അബ്ദുല്ല വാവൂര്‍

ഒന്നര മില്യണ്‍ സ്‌കൂളുകളും ഇരുനൂറ്റി അന്‍പത് മില്യണ്‍ വിദ്യാര്‍ത്ഥികളും എട്ടര മില്യണ്‍ അധ്യാപകരുമുള്ള ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ സംവിധാനത്തിന്റെ ഘടനാപരവും അക്കാദമികപരവുമായ പരിഷ്‌കാര നിര്‍ദേശങ്ങളടങ്ങിയ നയരേഖയാണ് മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം (2020). അത് നടപ്പാക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചുവരികയാണ്. പാഠ്യപദ്ധതി പരിഷ്‌കരണമാണ് നയരേഖ അനുസരിച്ചു നടപ്പാക്കേണ്ട പ്രധാന അക്കാദമിക പരിഷ്‌കാരം. മൈനസ് ടു മുതല്‍ പ്ലസ്ടു വരെ സമഗ്ര പരിഷ്‌കരണത്തിന് മുന്നോടിയായി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2021 രൂപീകരിക്കാനായി ഡോ. കസ്തൂരിരംഗന്‍ ചെയര്‍മാനായി പന്ത്രണ്ട് അംഗ വിദഗ്ധ സമിതി വെച്ചിട്ടുണ്ട്.

ഇപ്രാവശ്യം സംസ്ഥാനങ്ങളോട് പാഠ്യ പദ്ധതി ചട്ടക്കൂടുണ്ടാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളും സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണത്രെ ദേശീയ ചട്ടക്കൂടുണ്ടാക്കുന്നത്. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത രീതി പിന്തുടരുന്നത്‌കൊണ്ടാണ് ഒട്ടേറെ വിവാദ നിര്‍ദേശങ്ങള്‍ കടന്ന്കൂടിയിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന രൂപത്തില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍.സി.എഫ്) മാറുമോ എന്ന ആശങ്ക ഉയരുന്നത്.

എന്‍.സി.എഫ് 2005ന്റെ സമീപനം ആ കാലയളവില്‍ പാഠ്യപദ്ധതി നേരിട്ട പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള ഉള്‍ക്കാഴ്ച്ച നല്‍കിയ സമഗ്ര രേഖയായിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനങ്ങളില്‍ പാഠ്യപദ്ധതികള്‍ പുനരാവിഷ്‌കരിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം 1990കളില്‍ ആരംഭിച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും സൈദ്ധാന്തികവും തത്വശാസ്ത്രപരവും പഠനതന്ത്രപരവുമായ കാഴ്ചപ്പാടുകള്‍ എന്‍.സി.എഫ് 2005 ഏതാണ്ട് സ്വീകരിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട്‌വെക്കുന്ന അപകടകരമായ നിര്‍ദേശങ്ങള്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഏറ്റുപിടിച്ചാല്‍ അത് ഏക ശിലാത്മക സംസ്‌കാരത്തിലേക്ക് നടന്നടുക്കാന്‍ സംഘ്പരിവാറിന് എളുപ്പ വഴിയൊരുക്കും.

1976 ലെ നാല്‍പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഫെഡറല്‍ സംവിധാനത്തിലൂടെ മുന്നോട്ട്‌പോകുന്ന രാജ്യത്തിന് ഇത് അനിവാര്യമായിരുന്നു. എന്നാല്‍ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്ന നിര്‍ദേശങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം പറയുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറിയപ്പോള്‍ ഒഡീഷയും മധ്യപ്രദേശുമൊക്കെ വളരെ പിന്നിലാണ്. ഈ അസന്തുലിതാവസ്ഥ കണക്കിലെടുത്തേ നയം ആവിഷ്‌കരിക്കാവൂ. കേന്ദ്ര വിദ്യാഭ്യാഭ്യാസത്തിന്റെ നിര്‍ദേശങ്ങളില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ മികവ് നേടാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ തത്വമനുസരിച്ചു ഇത് ഉറപ്പ്‌വരുത്തല്‍ കേന്ദ്ര ബാധ്യതയാണ്. എല്ലാം കേന്ദ്രീകരിക്കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക്‌നേരെ യുള്ള കടന്നുകയറ്റമായേ കാണാനൊക്കൂ. എന്‍.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ ദേശീയതലത്തിലുള്ള പാഠപുസ്തകം, അമിതമായ സംസ്‌കൃത വല്‍ക്കരണം, വിലയിരുത്താനുള്ള നാഷണല്‍ അസസ്‌മെന്റ് സെന്റര്‍ ഫോര്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തുടങ്ങി നിരവധി പുതിയ സംവിധാനങ്ങള്‍ സ്ഥാപിച്ചും പാഠ്യപദ്ധതി രൂപരേഖകളും മാര്‍ഗരേഖകളും അടിച്ചേല്‍പ്പിച്ചും കണ്‍കറന്റ് ലിസ്റ്റിനെ ഇല്ലാതാക്കാനുള്ള ശ്രമം ഇതിലടങ്ങിയിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായും കാവിവത്കരിച്ചുകഴിഞ്ഞു. ഇത് രാജ്യം മൊത്തത്തില്‍ വ്യാപിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ നയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. പാഠപുസ്തകങ്ങളില്‍ വര്‍ഗീയ അജണ്ട നടപ്പാക്കുന്നു എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പുതിയ ആരോപണമല്ല. എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പൊഴൊക്കെ ഈ ആരോപണം അവര്‍ നേരിട്ടിട്ടുണ്ട്. അതിനാല്‍ ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടിലും പാഠപുസ്തകങ്ങളിലും അവര്‍ കടന്നുകയറാം. അവയിലേക്ക് വഴിതുറക്കുന്ന പല കാര്യങ്ങളും ഈ നയത്തിലുണ്ട്. അവയിലൊന്ന് സംസ്‌കൃത ഭാഷയെ അമിതമായി മഹത്വവല്‍കരിക്കലാണ്. സംസ്‌കൃതം അളവറ്റ വിജ്ഞാന സ്രോതസ്സാണെന്നും അത് എല്ലാഘട്ടങ്ങളിലും പഠിക്കാന്‍ അവസരം ഒരുക്കുമെന്നും നയം പറയുന്നു. എന്നാല്‍ പല ഭാഷകളെയും പറയുന്നിടത്ത് അറബി ഉറുദു ഭാഷകളെപറ്റി ഒരിടത്തും പരാമര്‍ശിക്കുന്നില്ല. ആര്‍.എസ്.എസ് താല്‍പര്യമനുസരിച്ച് ഹിന്ദുത്വ സംസ്‌കൃതിയുടെ മൂല്യങ്ങള്‍ ചെറിയ ക്ലാസ്‌തൊട്ട് പരിശീലിപ്പിച്ചെടുക്കല്‍ ഒരു ലക്ഷ്യമാണ്. ക്യാച് തം യങ് എന്ന തത്വം ഹിറ്റ്‌ലര്‍ പ്രയോഗിച്ചു വിജയിച്ചതാണ്. ആറു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ധാര്‍മ്മികമൂല്യ പഠനം വേണമെന്ന നയത്തിലെ നിര്‍ദേശം ഹിന്ദുത്വ ആശയ പഠനം ആകുമോ എന്ന് ആശങ്കയുണ്ട്. കരിക്കുലം, കോ-കരിക്കുലം, എക്‌സ്ട്രാ കരിക്കുലം എന്നീ തലങ്ങളെ ഒഴിവാക്കി എല്ലാം കരിക്കുലമായി പരിഗണിക്കാനാണ് നിര്‍ദേശം. യോഗയും ജ്യോതിഷവുമൊക്കെ കരിക്കുലമായി മാറുമ്പോള്‍ ശാസ്ത്രവും ഗണിതവും ഭാഷകളുമൊക്കെ എന്താകുമെന്ന ചോദ്യം പ്രസക്തമാണ്. മത നിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടില്‍ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതിക്കാണ് ഊന്നല്‍. ശാസ്ത്രവും സാങ്കേതികവിദ്യയും പഠിപ്പിക്കുന്ന വിദ്യാഭ്യാസം മാത്രമല്ല ശാസ്ത്രീയ വിദ്യാഭ്യാസം നിലവിലുള്ള ജ്ഞാന രൂപങ്ങളെ ശാസ്ത്രീയമായും യുക്തിസഹമായും അവതരിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതി കൂടിയാണ്. ഇന്ത്യന്‍ പാരമ്പര്യത്തെ പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ നയം മുന്നോട്ട്‌വെക്കുന്നുണ്ട്. പക്ഷേ അതിന്റെ പേരില്‍ അന്ധ വിശ്വാസങ്ങള്‍ പഠി പ്പിക്കുന്നത് ശാസ്ത്രീയമല്ല.

 

 

 

Test User: