തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത 7.5 കോടി രൂപയില്‍ രണ്ടായിരത്തിന്റെ നോട്ടുകളും. തഞ്ചാവൂരില്‍ നിന്നാണ് ഇന്നു പുറത്തിറങ്ങിയ നോട്ടുകളുടെ ശേഖരം കണ്ടെടുത്തത്. തമിഴ്‌നാടിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജേഷ് ലഖോനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 19ന് തഞ്ചാവൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്നാല്‍ പുറത്തിറങ്ങുന്ന ദിവസം തന്നെ 2000ത്തിന്റെ നോട്ടുകള്‍ വ്യാപകമായി കണ്ടെത്തിയത് കേന്ദ്ര സര്‍ക്കാറിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണത്തില്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് പണം ചോര്‍ന്നതെന്നാണ് സൂചന. എന്നാല്‍ രേഖകളിലെ വാഹനനമ്പറും പണം കൊണ്ടു വന്ന വാഹനത്തിന്റെ നമ്പറും തമ്മില്‍ വ്യത്യസ്തമാണ്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ലഖോനി പറഞ്ഞു.
പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തഞ്ചാവൂരില്‍ കഴിഞ്ഞ മെയില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.