ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കണമെന്ന ആവശ്യമുന്നയിച്ചത് കേന്ദ്രസര്‍ക്കാറാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമിതിക്കു മുമ്പാകെ ആര്‍ബിഐ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും നോട്ട് അസാധുവാക്കിയത് കേന്ദ്രസര്‍ക്കാറിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കള്ളപ്പണം ഇല്ലാതാക്കുന്നതിനും അഴിമതി തടയുന്നതിനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുന്നതിനുമായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചത്. നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് അനുമതി നല്‍കുകയായിരുന്നുവെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.