X

ബ്രിട്ടനിലും നോട്ടു വിവാദം രൂക്ഷം

ലണ്ടന്‍: ഇന്ത്യയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കു പിന്നാലെ ബ്രിട്ടനിലും നോട്ട് പിന്‍വലിച്ചേക്കും. പുതുതായി പുറത്തിറക്കിയ അഞ്ചു പൗണ്ടിന്റെ നോട്ടുകളാണ് ബ്രിട്ടന്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ആലോചിക്കുന്നത്. പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ക്ഷേത്രങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലുകളിലും അഞ്ചു പൗണ്ടിന്റെ നോട്ട് ഇതിനോടകം നിരോധിച്ചു.

കാണിക്കയിടാനും മറ്റും ഈ നോട്ടുകള്‍ ഉപയോഗിക്കരുതെന്ന് ക്ഷേത്രഭാരവാഹികള്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ബോര്‍ഡുകളും ക്ഷേത്ര-ഹോട്ടല്‍ പരിസരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നോട്ടു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയായ ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്‍ (എ്ച്ച്എഫ്ബി) ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടു.

ചുളിവീഴാത്തതും നനവു പറ്റാത്തതുമായ പുതിയ അഞ്ച് പൗണ്ട് കഴിഞ്ഞ സെപ്തംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയത്. ഒരു ഭാഗത്ത് എലിസബത്ത് രാജ്ഞിയുടെയും മറുവശത്ത് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രമാണ് നോട്ടില്‍ ആലേഖനം ചെയ്തിട്ടുള്ളത്. എന്നാല്‍ മിനുസം നല്‍കാനും നനവ് പിടിക്കാതിരിക്കാനും നേര്‍ത്ത പാട മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപം.

chandrika: