X

കള്ളനോട്ട്: സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നു

ന്യൂഡല്‍ഹി: പുതിയ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഓരോ മൂന്ന്-നാലു വര്‍ഷം കൂടുമ്പോഴും മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
നോട്ട് നിരോധനത്തിന് ശേഷവും വ്യാപകമായി കള്ള നോട്ടുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉയര്‍ന്ന മുല്യമുള്ള 2000, 500 എന്നീ നോട്ടുകളിലെ സുരക്ഷാ ഫീച്ചറുകളാണ് 3-4 വര്‍ഷം കൂടുമ്പോള്‍ പുതുക്കുക. നോട്ട് നിരോധനത്തിന് ശേഷം പിടിച്ചെടുത്ത കള്ളപ്പണം പരിശോധിച്ചതില്‍ പുതിയ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 17 സുരക്ഷാ ഫീച്ചറുകളില്‍ 11 എണ്ണവും പുനര്‍നിര്‍മ്മിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഒരു നിശ്ചിത കാലയളവില്‍ നോട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചത്.
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്. വികസിത രാജ്യങ്ങള്‍ 3-4 വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ ഫീച്ചറുകള്‍ മാറ്റാറുണ്ടെന്ന് പുതിയ തീരുമാനത്തെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ നിര്‍ബന്ധമായും ഇത് പിന്‍തുടരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിന് മുന്‍പ് നോട്ടുകളിലെ സുരക്ഷാ ഫീച്ചര്‍ മാറ്റിയിരുന്നില്ല.
2000ത്തില്‍ ഇറക്കിയ ആയിരം രൂപാ നോട്ടുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും റിസര്‍വ്വ് ബാങ്ക് കൊണ്ടു വന്നിരുന്നില്ല. 1987ല്‍ ഇറക്കിയ 500 രൂപ നോട്ടിന്റെ സുരക്ഷാ ഫീച്ചറുകള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മാറ്റിയത്. പുതുതായി ഇറക്കിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് പുതിയ സുരക്ഷാ ഫീച്ചറുകളൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചാന്ദ്രയാനിന്റെയും സ്വച്ഛ് ഭാരതിന്റെയും ലോഗോ നോട്ടുകളില്‍ പ്രിന്റ് ചെയ്തതാണ് പ്രധാനമായും വരുത്തിയ മാറ്റം. ഇതിനു പുറമേ നോട്ടിന്റെ വലിപ്പവും പേപ്പറിന്റെ ഗുണനിലവാരവും മാറ്റിയിരുന്നു.
ഐ.എസ്.ഐയുടെ സഹായത്തോടെ പാകിസ്താനില്‍ നിന്നാണ് പുതിയ 2000 രൂപയുടെ കള്ളനോട്ടുകള്‍ വരുന്നതെന്നാണ് കള്ളനോട്ട് കേസില്‍ പിടിയിലായവര്‍ നല്‍കിയിട്ടുള്ള വിവരം. 2016ല്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വേ പ്രകാരം രാജ്യത്ത് 400 കോടി രൂപയുടെ കള്ളനോട്ട് വ്യാപനമുണ്ടെന്നു കണ്ടെത്തിയിരുന്നു.

chandrika: