ന്യൂഡല്‍ഹി: ഇന്ത്യയില്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയ സംഭവത്തില്‍ ആശങ്ക പ്രവാസികള്‍ക്കും. നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കാനായി കൈവശം വെച്ച പണത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ നെട്ടോട്ടം ഓടുകയാണ്.
നാട്ടിലേക്ക് പോയിമടങ്ങുമ്പോള്‍ മിക്കവരും കുറച്ച് ഇന്ത്യന്‍ രൂപ കയ്യില്‍വെക്കുന്നത് പതിവാണ്. കാരണം അടുത്ത തവണ നാട്ടിലേക്ക് പോകുമ്പോള്‍ അത്യാവശ്യമായി ഉപയോഗിക്കുന്നതിനാണ് അത് സൂക്ഷിക്കുന്നത്. വളരെ കുറച്ച് രൂപയാണെങ്കിലും നോട്ടുകളുടെ മാറ്റത്തോടെ അത് തലവേദന ആയിരിക്കുകയാണ്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ബാങ്കിലും പോസ്‌റ്റോഫീസിലും തിരികെ നല്‍കി മാറിയെടുക്കുന്നതിന് സര്‍ക്കാര്‍ ഡിസംബര്‍ 30വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും പ്രവാസികള്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. ഇനി ആകെയുള്ള ഒരു പോംവഴി നാട്ടിലെത്തി മാറിയെടുക്കലാണ്. അതിനാണെമെങ്കില്‍ വലിയ അളവിലുള്ള പണമൊന്നും ആരും സൂക്ഷിച്ചിട്ടുണ്ടാവുകയുമില്ല. ഇനി ചെയ്യാന്‍ കഴിയുന്നത് നാട്ടില്‍ പോകുന്നവരുടെ കൈവശം കൊടുത്തുവിടുക എന്നതുമാത്രമാണ്. ഒരാള്‍ക്ക് 25,000 രൂപവരെ ഇങ്ങനെ കൈവശം കൊണ്ടുപോയി നിയമപരമായി മാറിയെടുക്കാം. പ്രവാസികളുടെ കൈവശമുള്ള പണം മാറാന്‍ എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്നവര്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. നേരത്തെ 10,000 രൂപയായിരുന്നു. 2014-ജൂണിലാണ് റിസര്‍വ്വ് ബാങ്ക് ഇത് 25,000 ആക്കി വര്‍ദ്ധിപ്പിച്ചത്.