X

നവോത്ഥാനം വിഴുങ്ങുന്ന സാംസ്‌കാരിക തിമിംഗലങ്ങള്‍

മുജീബ് കെ താനൂര്‍

നവോത്ഥാന സങ്കല്‍പങ്ങള്‍ സാമൂഹ്യ കോണുകളില്‍ പ്രതിഷ്ഠിച്ചുവെന്നു മേനി നടിക്കുന്ന മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സംസ്ഥാനത്തു കേട്ടുകേള്‍വി ഇല്ലാത്ത രൂപത്തില്‍ സമൂഹത്തെ അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു പുതിയ നരബലി വാര്‍ത്ത. ഒരിക്കല്‍ സി.പി.എം ആചാര്യനായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഒറീസയിലെയും മധ്യപ്രദേശിലെയും നരബലിയെയും ശൈശവ ഹത്യയെയും പരാമര്‍ശിച്ചു നടത്തിയ പ്രസംഗങ്ങള്‍ അക്കാലത്തു കത്തിപ്പടര്‍ന്നതായിരുന്നു. സഖാക്കള്‍ക്ക് പഴയ പാര്‍ട്ടി പത്രം പരതിയാല്‍ അത് ബോധ്യമാവും.

‘ഒറീസയിലെ കാണ്ഡമാല്‍ ജില്ലയിലെ ഉഗാദി മലനിരകളില്‍ നടന്ന നരബലിയും മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ ജില്‍ ഗോത്ര വിഭാഗത്തില്‍ നടന്ന ശൈശവ ബലിയും രാജ്യത്തിന് നാണക്കേടാണ്. ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭരണകൂട വിവേകരാഹിത്യത്തിന്റെ ദൃഷ്ടാന്തമാണ്. ഇത്തരം അനാചാരങ്ങളുടെ ഗുണഫലം പറ്റുന്ന ഇത്തിള്‍കണ്ണിയായി കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ യശസ്സിന് തന്നെ കോട്ടംതട്ടുന്ന ഇത്തരം മൂഢ വിശ്വാസങ്ങളെ പരിപാലിച്ചുവരുന്ന ഒറീസ മുഖ്യമന്ത്രി ജെ.ബി പട്‌നയിക്കും മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങും തങ്ങള്‍ വഹിക്കുന്ന പദവിയോട് ബഹുമാനമുണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണം. കോണ്‍ഗ്രസ് നേതൃത്വത്തിന് അതിനു സാധിക്കില്ല. കാരണം അനാചാരങ്ങളെ തീറ്റിപ്പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിവേകപൂര്‍വമായ സമൂഹം അതിനാല്‍ ഇത്തരം ഇത്തിള്‍ കണ്ണികളെ ഭരണ കൂടത്തില്‍നിന്നും ചെവിക്കുപിടിച്ചു പുറത്താക്കണം’ ഇ.എം.എസിന്റെ മൂര്‍ച്ചയേറിയ ശകാരം അങ്ങനെ നീളുന്നു.

1988 ലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലും ഇ.എം.എസ് ഈ കാര്യം ഉയര്‍ത്തി പ്രസംഗിക്കുകയുണ്ടായി. ഈ ആവേശം ഉള്‍ക്കൊണ്ടാകണം ഇതേ കാലത്തുതന്നെ കോഴിക്കോട് ഗവണ്‍മെന്റ് കോളജില്‍ വാഴ്‌സിറ്റി മീറ്റിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സന്ധ്യയില്‍ ഒരു സി.പി.എം നേതാവ് ഇതേവിധം ആഞ്ഞടിക്കുകയുണ്ടായി. ഒടുവില്‍ പറഞ്ഞു പറഞ്ഞ് അങ്ങേരു മത നിരാസത്തിലേക്കും വിദ്യാര്‍ഥികളെ ഉല്‍ബോധിക്കുകയുണ്ടായി. ‘ആരാധനാലയങ്ങളുമായുള്ള പരിപൂര്‍ണ വിച്ഛേദനത്തിനായി നാം ആത്മാര്‍ഥമായി നിലനില്‍ക്കണം. മതവും വിദ്യാഭ്യാസവും രണ്ടു വിഷയങ്ങളാണെന്നു പ്രഖ്യാപിക്കണം. സാമൂഹ്യ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ ആവശ്യങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അഥവാ അതിനു ഒരര്‍ഥമേയുള്ളു. നിങ്ങള്‍ ഇപ്പോഴും പഴയ മതപരമായ കുറ്റവിചാരണയുടെ അടിമകളായി കഴിയുന്നു എന്ന ‘ഏംഗല്‍സിയന്‍’ കുറിപ്പ് ആവേശത്തോടെയാണ് നേതാവ് വിളംബരം ചെയ്തത്. (ഇങ്ങേരു പിന്നീട് എം.പിയും പാര്‍ട്ടി കേന്ദ്ര നേതാവും സംസ്ഥാന മന്ത്രിയുമൊക്കെയായി മാറി) പാര്‍ട്ടി വിദ്യാര്‍ഥി ഘടകം പിറ്റേദിവസം തന്നെ ഇതിന്റെ അലയൊലികള്‍ കാട്ടിതുടങ്ങി. മുസ്‌ലിം വിദ്യാര്‍ഥികള്‍ തട്ടമിടാതെ വന്നോളാണമെന്ന തിട്ടൂരവും അവയില്‍ ചിലതായിരുന്നു.

അതേ ഇ.എം.എസിന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അന്നത്തെ ഒറീസയിലും മധ്യപ്രദേശിലും നടന്നതിനുമപ്പുറത്തെ ഭീഭത്സമായ നരബലിയാണ് കേരളത്തില്‍ അരങ്ങേറിയത്. സകല ഉഴിച്ചില്‍ വിദഗ്ധരും വ്യാജരെന്നു പറഞ്ഞു പ്രതിഷേധം നടത്തിയ പാര്‍ട്ടി ഇപ്പോള്‍ സ്വന്തം പ്രവര്‍ത്തകന്‍ ഉഴിഞ്ഞു ഉഴിഞ്ഞു നടത്തിയ നരമേധം ഏതു നവോത്ഥാന ക്ലാസില്‍ നിന്നാണ് കിട്ടിയതെന്നാണ് പൊതു സമൂഹം ചോദിക്കുന്നത്. ഐശ്വര്യം വര്‍ധിക്കാനും സമ്പത്ത് കുമിയാനും സി.പി.എമ്മിന്റെ ഇത്തരം ചെപ്പടിവിദ്യകള്‍ സ്വന്തം ധനകാര്യമന്ത്രിയെ ഒന്ന് പഠിപ്പിക്കരുതായിരുന്നോ? ഇത്തരം ആളുകളെ പാര്‍ട്ടി പുതപ്പില്‍ ഒളിപ്പിച്ചുവെക്കുന്ന സി.പി.എം നിലപാടുകള്‍ രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല, സാമൂഹ്യ മേഖലയിലും വിതയ്ക്കുന്നത് ആഘാതമാണ്. ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരുടെ മതവേഷം അണിഞ്ഞാല്‍ നവോത്ഥാന വ്യവഹാരങ്ങള്‍ അറബിക്കടലിലാകുമെന്നും ആറാം നൂറ്റാണ്ടിലേക്കും നാലാം നൂറ്റാണ്ടിലേക്കും പാഞ്ഞടുക്കുകയാണെന്നും പറയുന്ന സി.പി.എം നായകര്‍ പുതിയ സംഭവങ്ങളെ ഇ.എം.എസ്സിന്റെ കണ്ണിലൂടെയെങ്കിലും നോക്കിക്കാണണം. നരബലി നടന്ന ഭരണകൂടത്തിന്റെ ചെവിക്കു ആരാണ് പിടിച്ചു പുറത്താക്കേണ്ടത് എന്ന് സി.പി.എം തന്നെ വ്യക്തമാക്കണം. ഇതികര്‍ത്തവ്യതാമൂഢരായി വാഴുന്ന സാംസ്‌കാരിക തിമിംഗലങ്ങളും എന്തെങ്കിലും ഒന്ന് മൊഴിയണം, പ്ലീസ്.

Test User: