ന്യൂഡല്‍ഹി: ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (CUET) ഇത്തവണ 14 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ഇത് 41 ശതമാനം വര്‍ധനവാണ്. ഈ മാസം 21 മുതല്‍ 31 വരെയാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പരീക്ഷ നാലു ദിവസത്തേക്ക് കൂടി നീട്ടി.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നു ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്. അതേസമയം, പരീക്ഷയുടെ ആദ്യഘട്ടത്തിന് ഞായറാഴ്ച തുടക്കമായി. എട്ടു ലക്ഷം അപേക്ഷകരാണ് ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതുന്നത്. നെഗറ്റീവ് മാര്‍ക്ക് ഉള്ളതിനാല്‍ ശരിയായ ഉത്തരം അറിയാമെങ്കില്‍ മാത്രം ഉത്തരം നല്‍കിയാല്‍ മതിയെന്ന് യുജിസി ചെയര്‍മാന്‍ എം.ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 750 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.