X

ക്യൂബ മുകുന്ദന്മാരുടെ സ്വന്തം സി.പി.എം – എഡിറ്റോറിയല്‍

നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍നിന്ന് നാം അനുഭവിച്ചുവരുന്ന തിക്തതകള്‍ വിവരണാതീതമാണിപ്പോള്‍. അടുത്ത കാലത്തായി അരുണാചലിലും ലഡാക്കിലുമുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ ബലം പ്രയോഗിച്ച് കീഴടക്കുകയും ഭാരതത്തിന്റെ ധീരജവാന്മാരെ നിരന്തരം കൊലപ്പെടുത്തുകയും ചെയ്തുവരികയാണ് ആ രാജ്യം. പാക്കിസ്താനുമായുള്ളതിനേക്കാള്‍ വലിയ ഭീഷണിയാണ് ഇന്ത്യക്ക് ചൈനയില്‍നിന്ന് നേരിടേണ്ടിവരുന്നതെന്ന് അന്തരിച്ച പ്രതിരോധമന്ത്രി ജോര്‍ജ്‌ഫെര്‍ണാണ്ടസും സംയുക്ത സേനാമേധാവി ബിപിന്റാവത്തും പരസ്യമായി സമ്മതിച്ചതാണ്. എന്നിട്ടും ആ രാജ്യത്തോട് നമ്മുടെ പൗരന്മാരിലെ ചിലര്‍ക്ക് എന്തെന്നില്ലാത്ത അനുഭാവവും അനുതാപവും ഉണ്ടാകുന്നതെന്തുകൊണ്ടായിരിക്കും. കളിയില്‍പോലും പാക്കിസ്താനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഏതൊരാളെയും സംഘ്പരിവാരവും ഭരണകൂടവും അതിനിഷ്ഠൂരമായി കൈകാര്യം ചെയ്യുമ്പോഴാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളിലൊന്നിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളില്‍നിന്ന് ചൈനയോട് വിധേയത്വം പുലര്‍ത്തുന്ന പ്രസ്താവനയുണ്ടായിരിക്കുന്നതും അത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നതും.

ജനുവരി 13ന് സി.പി.എം കോട്ടയം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ചൈനയുടെ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തെ വാനോളം പ്രശംസിച്ചതും അതിനെ തകര്‍ക്കാന്‍ അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒരുമിച്ച് നീങ്ങുന്നുവെന്ന് പ്രസ്താവിച്ചതും. ‘സോഷ്യലിസത്തിന്റെ ശക്തിയാണ് ചൈനയുടെ വളര്‍ച്ച കാണിക്കുന്നത്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ആ രാജ്യം പ്രധാന പങ്ക് വഹിക്കുന്നു. അമേരിക്ക ചൈനക്കെതിരെ മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. ബ്രിട്ടനും ഇന്ത്യയുമെല്ലാം ആ പട്ടികയിലുണ്ട്. ഇന്ത്യ നമ്മുടെ വിദേശനയം അമേരിക്കക്ക് അടിയറ വെച്ചിരിക്കുകയാണ്. സോഷ്യലിസത്തിന്റെ ഈ ശത്രുക്കള്‍ക്കെതിരെ നമുക്ക് പോരാടേണ്ടതുണ്ട്’. എന്നായിരുന്നു രാമചന്ദ്രന്‍പിള്ളയുടെ വാക്കുകള്‍. സ്വന്തം രാജ്യത്തോട് കൂറും വിശ്വാസ്യതയും ദേശാഭിമാനവുമുള്ളയാര്‍ക്കും സ്വന്തം ശത്രുരാജ്യത്തെക്കുറിച്ച് ഇത്തരത്തില്‍ ഒരു വാക്കുരിയാടാനാവില്ലതന്നെ. എന്നിട്ടും സി.പി.എമ്മിന്റെ ഉന്നത നേതാവ് അതിന് തുനിഞ്ഞതിനുകാരണം അതിന്റെ ഭവിഷ്യത്ത് അറിയാതെയാവില്ല; മറിച്ച് ദേശസ്‌നേഹത്തേക്കാള്‍ പച്ചയായ വരട്ട് കമ്യൂണിസ്റ്റ് താല്‍പര്യം മാത്രമാണതിലൊളിഞ്ഞുകിടക്കുന്നത്.

1962ല്‍ ചൈനയുമായി യുദ്ധംനടന്നപ്പോള്‍ ‘ചൈന അവരുടേതെന്നും ഇന്ത്യക്കാര്‍ നമ്മുടേതെന്നും പറയുന്ന ഭൂമിക്കുവേണ്ടിയുള്ള തര്‍ക്ക’മെന്നാണ് സി.പി.എം ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് പ്രസ്തുത യുദ്ധത്തെ വിശേഷിപ്പിച്ചത്. അത് അബദ്ധത്തിലുണ്ടായ പരാമര്‍ശമായിരുന്നില്ല. എ.കെ.ജി, പി. സുന്ദരയ്യ തുടങ്ങിയ കമ്യൂണിസ്റ്റ്‌നേതാക്കളും ഇതേ അഭിപ്രായക്കാരായിരുന്നു. സി.പി.എമ്മിന്റെ കുപ്രസിദ്ധമായ കല്‍ക്കത്ത തിസീസ് പോലും ചൈനയോടും റഷ്യയോടും പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലിയായിരുന്നു. വൈകാതെ 1964ല്‍ ചൈനയെ അനുകൂലിച്ച സി.പി.എമ്മുകാരുമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടു കഷണമായി. ഇതെല്ലാം പഴങ്കഥകളാണെന്ന് വിശ്വസിക്കാനാകാത്തവിധം ചൈനാപ്രേമം ഇപ്പോഴും ഇന്ത്യയിലെ കമ്യൂണിസ്റ്റുകളില്‍ രൂഢമൂലമാണെന്നതിന്റെ തെളിവാണ് എസ്.ആര്‍.പിയുടെ കോട്ടയം പ്രസ്താവന. മാവോയുടെ വിപ്ലവകാലത്തെ ചൈനയല്ല എന്ന് നാം കാണുന്നതും നേരിടുന്നതുമായ ചൈനയെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഡെങ് സിയാവോപിങ്ങിന്റെ കാലത്ത് ആരംഭിച്ച പൊതുമേഖലയുടെ സ്വകാര്യവത്കരണം ഷീജിപിങ്ങിന്റെ കാലത്ത് ഒന്നാന്തരം മുതലാളിത്തമായി മാറിയിരിക്കുന്നു. പരസ്യമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുതലാളിത്തത്തെ വരിക്കുന്നതായി പ്രഖ്യാപിച്ചത്. ദാരിദ്ര്യം മാറിയെന്ന് പറയുന്നതുപോലും കമ്യൂണിസം ആ രാജ്യം ഉപേക്ഷിച്ചതിന് ശേഷമാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1990നുശേഷം ലോക കമ്യൂണിസം എടുക്കാചരക്കായി. മാര്‍ക്‌സിസ്റ്റുകാര്‍ തള്ളിപ്പറയുന്ന അമേരിക്കന്‍ മുതലാളിത്തം തന്നെയാണ് ചൈന ഇപ്പോള്‍ നടപ്പാക്കിവരുന്നത്. എന്തിനേറെ കെ റെയിലും സ്പ്രിംഗഌ കരാര്‍ തൊട്ട് പിണറായി വിജയന്റെ അമേരിക്കന്‍ ചികില്‍സവരെ ഏത് മുതലാളിത്ത വിരോധത്താലാണ്! കേരളത്തിന്റെ ആകാശത്തുകൂടി വിമാനങ്ങള്‍ തലങ്ങും വിലങ്ങും പായുമെന്ന്‌കേന്ദ്ര കമ്മിറ്റിയംഗത്തിന് ആണയിടാന്‍ കഴിയുന്നത് ഏത് ചൈനീസ് ശാസ്ത്രത്തിന്റെയും ഇസത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിലാണ്? അതുകൊണ്ടായിരിക്കണം മുഖ്യമന്ത്രി തൊട്ടടുത്ത ദിവസംതന്നെ തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ സഹനേതാവിന്റെ പ്രസ്താവനയെ തള്ളിപ്പറയാനും ചൈനയുടെ മുതലാളിത്ത പാതയെ പ്രശംസിക്കാന്‍ മാത്രമില്ലെന്നും പറഞ്ഞുകളഞ്ഞത്. മുമ്പത്തെ വരട്ടുതത്വവാദമാണെങ്കില്‍പോലും സി.പി.എം ഇന്ന് അതുപോലുമില്ലാതെ അവസരത്തിനൊത്ത് എന്തുമേതും പറയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ആള്‍ക്കൂട്ടമായെന്ന് സാമാന്യജനം സംശയിച്ചുപോകുന്നത് മറ്റൊരു കാരണത്താലല്ല. വൈകിയാണെങ്കിലും ചൈനയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ 2012ലെ കോഴിക്കോട് പാര്‍ട്ടികോണ്‍ഗ്രസ് നയം രൂപീകരിച്ചിട്ടുണ്ട്. അത് ആ രാജ്യത്തിന്റെ മുതലാളിത്തത്തിലേക്കുള്ള പോക്കിനെ സംശയത്തോടെ വീക്ഷിക്കുന്നതാണ്. അതുതന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനായി തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖയിലും നിഴലിക്കുന്നത്. കമ്യൂണിസം കാരണം തൊഴിലില്ലാതായ ചൈനക്കാരിയോട് കമ്യൂണിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിനിമാക്കഥയിലെ ക്യൂബ മുകുന്ദന്മാര്‍ക്ക് സി.പി.എമ്മില്‍ ഇപ്പോഴും ഒരു പഞ്ഞവുമില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.

 

Test User: