X

ബദ്ര്‍ പുതിയ കാലത്തിന്റെ വായനയില്‍

സി.ടി അബ്ദുറഹീം

മനുഷ്യമനസ്സുകളെ ഏറെ ത്രസിപ്പിക്കാന്‍ കഴിവുള്ള ജീവിതാനുഭവങ്ങളായി ചരിത്രം സൂക്ഷിച്ചുപോരുന്ന സംഭവ പരമ്പരകളാണ് യുദ്ധകഥകള്‍. യുദ്ധങ്ങളോട് ക്രൂരമായ ഒരു കമ്പംതന്നെ ആളുകള്‍ പുലര്‍ത്തി വന്നിട്ടുണ്ട്. കാലം പ്രാകൃത മനുഷ്യനില്‍ തുടങ്ങി ആഗോളപൗരനിലെത്തി നില്‍ക്കുമ്പോഴും ഹീറോ എന്ന വാക്കില്‍ ത്രസിച്ചു നില്‍ക്കുന്ന വൈകാരികത അര്‍ത്ഥപൂര്‍ണ്ണതയിലെത്തുന്നത് യുദ്ധനായകനില്‍ തന്നെയാണ്. കൊല്ലുന്നതില്‍ കാണിക്കുന്ന വൈഭവം ദേശസ്‌നേഹമായും രക്തസാക്ഷ്യലക്ഷണമായും ദൈവത്തിനുള്ള ബലിയര്‍പ്പണമായും പാടിപ്പുകഴ്ത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഗ്രീസില്‍ ജനപിന്തുണ നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ യുദ്ധങ്ങളിലേറ്റ മാരകമായ മുറിവിന്റെ പാടുകള്‍ തുറന്നുകാട്ടി വീരസ്യം പറഞ്ഞിരുന്നുവത്രെ. ഇലിയഡും ഒഡീസിയും മഹാഭാരതവും രാമായണവും അശ്വമേധയാഗകഥകളും പിന്നിട്ടുവന്ന പുതിയ മനുഷ്യന്‍ ചെയ്യുന്നതും അതുതന്നെ. വിശ്വസാഹിത്യത്തിലെ മുഖ്യമായ ഈടുവെയ്പുകള്‍ രണവീരന്മാരെക്കുറിച്ചുള്ള അപദാനങ്ങളാണ്. ഇങ്ങനെ പടയോട്ടത്തിലും അതിന്റെ വര്‍ണ്ണനയിലും ഐതിഹാസിക മാനം കൈവരികയും മുസ്‌ലിം മനസ്സില്‍ ആവേശോജ്ജ്വലമായി ജീവിക്കുകയും ചെയ്യുന്ന സംഭവമാണ് ബദ്ര്‍ യുദ്ധം.
ബദ്ര്‍
മുസ്‌ലിംകള്‍ക്ക് ആദരപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സംഭവമാണ് ബദ്ര്‍യുദ്ധം. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത്രയേറെ പാടിപ്പുകഴ്ത്തപ്പെട്ട മറ്റൊരു സംഭവം കാണുക പ്രയാസമാണ്. നിരായുധരെന്ന് പറയാവുന്ന മട്ടില്‍ പടക്കോപ്പുകള്‍ കുറവായിരുന്ന ഏതാനും അനുയായികള്‍ ഒരു വലിയ സൈന്യത്തെ തുരത്തിയ രോമാഞ്ചജനകമായ കഥയാണത്. ശത്രുക്കള്‍ അക്കാലത്തെ ആയുധങ്ങളത്രയും ഉപയോഗിച്ചിരുന്നു. മൂന്നിരട്ടി സൈനികബലം അവര്‍ക്കുണ്ടായിരുന്നു. ഒരു കടുത്ത യുദ്ധത്തെ പ്രതീക്ഷിച്ചു വന്നവരായിരുന്നില്ല മുസ്‌ലിംകള്‍, യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. നായകനിരകൊണ്ടും ധനസ്ഥിതികൊണ്ടും ആയുധബലത്താലും പേരുകേട്ട ശത്രുസസമൂഹത്തിന്റെ നേതൃതലത്തെ അവര്‍ മുച്ചൂടും തുരത്തി. പലരെയും ബന്ധനസ്ഥരാക്കി. ഇതെങ്ങനെ സാധിച്ചുവെന്ന് ലോകം ഇന്നും അത്ഭുതംകൊള്ളുന്ന ചരിത്രവിജയം!
ആരെയും പ്രചോദിപ്പിക്കാന്‍ പോന്ന പോരാട്ടത്തിന്റെ മാനത്തെക്കാള്‍ കൊണ്ടാടേണ്ടതാണ് ഈ യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ദൗത്യവും. അപരനെക്കുറിച്ചുള്ള അവിശ്വാസവും ഭയവും സ്വന്തം മേലാളഭാരവും ഒന്നുചേര്‍ന്ന് രൂപപ്പെടുന്ന അസഹിഷ്ണുതയുടെ തത്വശാസ്ത്രമല്ല ബദ്‌റില്‍ മുസ്‌ലിംകളെ നയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമയവും അദ്ധ്വാനവും ശ്രദ്ധയും യുദ്ധക്കോപ്പുകള്‍ നിര്‍മ്മിക്കാനായി ചെലവിടുന്ന ആധുനിക രാഷ്ട്രമേധാവിത്വത്തിന്റെ അന്ധമായ അഹമ്മതിയും അവരെ ആവേശിച്ചിരുന്നില്ല. വിശ്വാസസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുംവേണ്ടി അധികാരി വര്‍ഗത്തിന്റെ മുഷ്‌ക്കിനും ക്രൂരതക്കും തറവാടിത്തഘോഷണത്തിന്റെ അപകടങ്ങള്‍ക്കുമെതിരെ ഒരു നല്ല മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു ബദ്‌റിന്റെ ലക്ഷ്യം. ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനു മാത്രമല്ല, അറേബ്യന്‍ മേഖലയുടെ മുഴുവന്‍ ആധുനീകരണത്തിനും ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു അത്.
ബദ്‌റിനുമുമ്പ് നബിയുടെ അനുചരന്മാര്‍ക്ക് ശത്രുക്കളില്‍നിന്ന് അഭയംതേടി രണ്ടുവട്ടം എത്യോപ്യയിലേക്ക് പോവേണ്ടി വന്നിട്ടുണ്ട്. ഒടുവില്‍ ജന്മനാട്ടില്‍നിന്ന് മദീനയിലേക്ക് തീര്‍ത്തും കുടിയൊഴിഞ്ഞുപോവാന്‍ എല്ലാവരും നിര്‍ബ്ബന്ധിതരാവുകയായിരുന്നു. മാസങ്ങളോളം നീണ്ട സാമൂഹ്യ ബഹിഷ്‌ക്കരണംകൊണ്ട് പ്രവാചകാനുയായികള്‍ മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളടക്കം നബികുടുംബം മുഴുവന്‍ വന്‍പീഡനമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പ്രവാസസ്ഥാനങ്ങളില്‍വെച്ചുപോലും ആക്രമിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആദ്യത്തെ തിരിച്ചടിയായിരുന്നു ബദ്ര്‍.
ഈ യുദ്ധത്തിന് മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധത്തോട് ചില സമാനതകള്‍ കാണാം. രണ്ടിലും ഏറ്റുമുട്ടുന്നത് സഹോദരന്മാര്‍ തമ്മിലും പിതാവും പുത്രനും തമ്മിലും ബന്ധുക്കള്‍ തമ്മിലുമാണ്. ഭ്രാതൃഹത്യയും പിതൃഹത്യയും നടക്കുന്നു. ധര്‍മ്മസംസ്ഥാപനത്തിനായി നിലവിലുള്ള അധികാരി വര്‍ഗത്തിനെതിരെ നടന്ന യുദ്ധങ്ങള്‍ എന്ന ആശയസാമ്യത്തിനപ്പുറം ഒരു പ്രധാന വ്യത്യാസവും ഇവക്കിടയിലുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിന് വിധിക്കപ്പെട്ട പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ട രാജ്യഭരണം തിരിച്ച് നേടിക്കൊടുക്കേണ്ടതുണ്ടായിരുന്നു. രാഷ്ട്രീയമായ ആ ലക്ഷ്യമാണ് കാര്യങ്ങള്‍ കുരുക്ഷേത്ര യുദ്ധഭൂമിയിലെത്തുന്നതിന് പ്രധാന കാരണമായത്. എന്നാല്‍ ബദ്‌റിന് അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.
കാലഹരണപ്പെട്ടതും ജനവിരുദ്ധവുമായ ജീവിതരീതിക്കെതിരില്‍ പുരോഗമനപരവും മാനുഷികവുമായ പുതിയൊരു വ്യവസ്ഥിതി ഉള്‍ക്കൊണ്ട് സമൂഹത്തെ രൂപപ്പെടുത്താന്‍ മുഹമ്മദ് നബി നടത്തിയ ശ്രമങ്ങളോടുള്ള എതിര്‍പ്പാണ് ക്രൂരമായ അക്രമങ്ങള്‍ക്ക് അധികാരിവര്‍ഗമായ ഖുറൈശികളെ പ്രേരിപ്പിച്ചത്. പെണ്‍ശിശുഹത്യയടക്കം സ്ത്രീയെ ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ആ സമൂഹത്തിലെ മേലാളര്‍ അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി അടിമത്തത്തെക്കാണുകയും അടിമകളോട് അതിക്രൂരമായി പെരുമാറുകയും ചെയ്തുവന്നു. ധനവും കുലമഹിമയുമുള്ളവന്റെ ഇച്ഛകള്‍ക്കനുസരിച്ച് ചലിക്കുന്നതിനു പകരം എല്ലാ മനുഷ്യരുടെയും ജീവിതസ്വാതന്ത്ര്യത്തിനും മൗലികാവകാശസ്ഥാപനത്തിനുമായി അധികാരഘടനയെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായാണ് ബദ്ര്‍ യുദ്ധം നടന്നത്. ബദ്‌റില്‍നിന്ന് മടങ്ങവെ, ‘നാം എനി പോവുന്നത് ഏറ്റവും വലിയ സമരമുഖത്തേക്കാണ്’ എന്ന നബിയുടെ പ്രസ്താവന കേട്ട് അനുചരന്മാര്‍, ബദ്‌റിനേക്കാള്‍ വലിയ യുദ്ധമോ എന്ന് അത്ഭുതപ്പെടുകയുണ്ടായി.’ അതെ, സ്വന്തം ദേഹേച്ഛകളോടുള്ള യുദ്ധം’ എന്നായിരുന്നു വിശദീകരണം. അനിവാര്യതകള്‍ക്കപ്പുറം യുദ്ധത്തിന് കാല്‍പ്പനികമായ ചായക്കൂട്ട് നല്‍കുന്ന മനോഭാവത്തിനുള്ള താക്കീത്കൂടിയാണ് ഈ പ്രഖ്യാപനം.
ബദ്‌റിന്റെ പ്രസക്തി
മൗലികാവകാശങ്ങള്‍ക്കുവേണ്ടി മര്‍ദ്ദകര്‍ക്കെതിരെ വൈകാരികമായും രാഷ്ട്രീയമായും സംഘടിക്കുന്ന ഏത് പ്രസ്ഥാനത്തിനും ബദ്‌റില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കാനുണ്ട്. വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹ്യചൂഷണങ്ങള്‍ക്കുമെതിരില്‍ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും നടന്ന നിരവധി സമരങ്ങളുടെ മുന്‍ഗാമിയായി ബദ്ര്‍ വിലയിരുത്തപ്പെടേണ്ടതാണ്. ബദ്‌റിലെ രക്തസാക്ഷികളോട് വൈകാരികമായി മുസ്‌ലിംകള്‍ പുലര്‍ത്തുന്ന അടുപ്പം സാമ്രാജ്യാധിനിവേശങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളില്‍ അബോധമായാണെങ്കിലും ശക്തമായ ഒരു ഘടകമായി പ്രവര്‍ത്തിച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. മുന്‍കാല മാപ്പിള സമരങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരുടെയും മറ്റും പടപ്പാട്ടുകള്‍ക്ക് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മുസ്‌ലിം കര്‍ഷക ജനതയെ പ്രചോദിപ്പിക്കുക എന്ന ദൗത്യംതന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ വശം അപകടകരമായ വ്യതിയാനത്തിന് വഴി മാറാനുള്ള ഒരു സാധ്യതയെക്കുറിച്ച്കൂടി നാം ബോധവാന്മാരായിരിക്കണം.
നബിയും സഹചരരും നേരിട്ട വെല്ലുവിളികള്‍ക്ക് സമാനമായ പരീക്ഷണങ്ങളെ ലോകമുസ്‌ലിംകള്‍ ഇന്ന് അഭിമുഖീകരിക്കുകയാണെന്നും രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയമായെന്നുമുള്ള പ്രചാരണത്തെ ഇങ്ങനെ വേണം കാണാന്‍. പലസ്തീനും ഇറാഖും ഗുജറാത്തും മറ്റും ചൂണ്ടിക്കാണിച്ച് വളരെ വ്യത്യസ്ത സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥകളിലും അക്രമാസക്തമായി ആലോചിക്കുന്നതും സാമ്രാജ്യത്വത്തിന്റെ പ്രശ്‌നങ്ങളെ മതപരമായ വെല്ലുവിളികളായിഏറ്റെടുക്കുന്നതും ആപല്‍ക്കരമാണ്. ഇങ്ങനെ ചിന്തിക്കുന്നവര്‍ ആയിരത്തി നാനൂറ് വര്‍ഷത്തെ ചരിത്രത്തെയോ, ഭരണരംഗത്തും സാമ്പത്തിക സാമൂഹികരംഗങ്ങളിലും ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കുള്ള സ്ഥാനത്തെയോ സംബന്ധിച്ചു യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നേയില്ല. മുസ്‌ലിംകളില്‍ തന്നെ ചൂഷകരും ചൂഷിതരുമായ നിരവധി സമൂഹങ്ങളുണ്ടെന്ന കാര്യവും അവര്‍ മറക്കുന്നു.
ബദ്‌റിന്റെ പോരാട്ടവീര്യത്തെ അതുള്‍ക്കൊള്ളുന്ന മാനവികതയെയും ആശയപ്രതിബദ്ധതയെയും വിളക്കിച്ചേര്‍ത്തുകൊണ്ട് മാത്രമേ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് കാണാന്‍ കഴിയൂ.

chandrika: