ജയ്പ്പൂര്‍: അവസാനം വരെ ആവേശം….. അവസാന പന്തില്‍ ചെന്നൈക്ക് വേണ്ടത് മൂന്ന് റണ്‍… ബൗളര്‍ ബെന്‍ സ്‌റ്റോക്ക്‌സ്… ന്യൂസിലാന്‍ഡുകാരനായ സാന്റര്‍ പക്ഷേ പന്ത് ഗ്യാലറിയിലാണ് എത്തിച്ചത്…. ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരുടെ ആറാമത് വിജയം… സംഭവബഹുലമായിരുന്നു അവസാന ഓവര്‍. 43 പന്തില്‍ 58 റണ്‍സുമായി കളം നിറഞ്ഞ മഹേന്ദ്രസിംഗ് ധോണി ടീമിനെ ജയിപ്പിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബെന്‍ സ്റ്റോക്ക്‌സ് ചെന്നൈ നായകനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. പിറകെ വന്നത് സാന്റര്‍…. നേരിട്ട രണ്ടാം പന്ത് നോബോള്‍ എന്ന് ആദ്യം അമ്പയര്‍ വിളിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം തീരുമാനം മാറ്റിയപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ധോണി ക്രീസിലെത്തി. അമ്പയരെ ചോദ്യം ചെയ്തു. അദ്ദേഹം തീരുമാനം മാറ്റിയില്ല. പക്ഷേ സാന്റര്‍ സമ്മര്‍ദ്ദത്തിലും അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ ധോണിയും കൈയ്യടിച്ചു. ജയിക്കാന്‍ 152 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 24 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്നാണ് ധോണിയും റായിഡുവും ഒരുമിച്ചത്. ഇതോടെ ഒരേ നായകന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ ഒരു ടീമിനെ 100 മത്സരങ്ങളില്‍ വിജയിപ്പിച്ചു എന്ന നേട്ടവും ധോണിയുടെ കിരീടത്തിലെ പൊന്‍തൂവലായി.
സ്വന്തം മൈതാനത്ത് ശക്തരായ കാണികളുടെ പിന്‍ബലത്തിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് വിശ്വാസ്യത പുലര്‍ത്തിയില്ല. 151 റണ്‍സാണ് ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. അതില്‍ തന്നെ ഒരു അര്‍ധ ശതകം പോലുമുണ്ടായിരുന്നില്ല. 28 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്ക്‌സായിരുന്നു ടോപ് സ്‌ക്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയെങ്കിലും ആറ് പന്തില്‍ ആറ് റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഓപ്പണിംഗിലാണ് റോയല്‍സിന്റെ പ്രശ്‌നം ആരംഭിക്കുന്നത്. ആദ്യ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ അജിങ്ക്യ രഹാനെ- ജോസ് ബട്‌ലര്‍ ഓപ്പണിംഗ് സഖ്യം ദുരന്തമാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ഏകദിന സംഘത്തില്‍ ഇടം തേടുന്ന രഹാനെക്ക് 14 റണ്‍സ് മാത്രമാണ് ഇന്നലെ നേടാനായത്. മഹേന്ദ്രസിംഗ് ധോണിയുടെ വജ്രായുധമായ ദീപക് ചാഹറിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നിവല്‍ കുരുങ്ങുകയായിരുന്നു. ഗംഭീര തുടക്കമായിരുന്നു ബട്‌ലര്‍ക്ക് ലഭിച്ചത്. ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 10 പന്തില്‍ 23 റണ്‍സ് നേടിയ ഇംഗ്ലീഷുകാരന്‍ ശ്രാദ്ധൂല്‍ ഠാക്കുറിന് വിക്കറ്റ് നല്‍കി. സഞ്ജു ബൗണ്ടറി നേടി വിശ്വാസം പ്രകടിപ്പിച്ചെങ്കിലും ന്യൂസിലാന്‍ഡുകാരന്‍ മിച്ചല്‍ സാന്ററുടെ പന്തില്‍ പുറത്തായി. പിന്നെ പ്രതീക്ഷകളത്രയും ഓസ്‌ട്രേലിയക്കാരന്‍ സ്റ്റീവന്‍ സ്മിത്തിലായിരുന്നു. അവസാന മല്‍സരത്തില്‍ മികച്ച സ്‌ക്കോര്‍ നേടിയിട്ടും അവസാനത്തില്‍ കൂറ്റനടികള്‍ക്ക്് കഴിയാതിരുന്ന സ്മിത്ത് രവീന്ദു ജഡേജയുടെ സ്പിന്നില്‍ പുറത്താവുമ്പോള്‍ 15 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലീഷ് ക്രിക്കറ്റിലെ കൂറ്റനടിക്കാരനായ സ്റ്റോക്‌സിന് പിന്തുണ നല്‍കാന്‍ വിലാസമുള്ള ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിരുന്നില്ല. അവസാനത്തില്‍ ജോഫ്ര ആര്‍ച്ചറാണ് സ്‌ക്കോര്‍ 150 കടത്തിയത്.