X

ജന്തര്‍ മന്തറിലെ താരങ്ങളുടെ കരച്ചില്‍- എഡിറ്റോറിയല്‍

സമരപോരാട്ടങ്ങളുടെ വിളനിലമായ ഡല്‍ഹിയിലെ ജന്തര്‍മന്തര്‍ അപൂര്‍വമായൊരു സമരത്തിനാണ് നിലവില്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമരത്തിലെ പങ്കാളികളുടെ പ്രത്യേകതയും അവരുന്നയിക്കുന്ന ആവശ്യങ്ങളുടെ സവിശേഷതയുമാണ് ആ സമരത്തെ ശ്രദ്ധേയമാക്കുന്നത്. കായിക ഭൂപടത്തില്‍ രാജ്യത്തെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒളിമ്പ്യന്‍മാരും അല്ലാത്തവരുമായ വിഖ്യാത ഗുസ്തി താരങ്ങളാണ് അവിടെ അണിനിരക്കുന്നതെങ്കില്‍ സ്വന്തം അസോസിയേഷന്‍ പ്രസിഡന്റിനെ തലപ്പത്തുനിന്ന് നീക്കണമെന്നതാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ തുടങ്ങിയ വിഖ്യാത താരങ്ങള്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനും ഭരണസമിതിക്കും എതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന്‍ അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു. സിങ്ങിനെ പുറത്താക്കുന്നതുവരെ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുകയില്ലെന്നാണ് ഒളിമ്പ്യന്‍ ബജ്‌രംഗ് പുനിയ നിലപാടെടുത്തിരിക്കുന്നത്.

സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാവുകയും കായിക ലോകത്തിന്റെ തന്നെ ശ്രദ്ധ സമരത്തിലേക്ക് തിരിയുകയും ചെയ്തിട്ടും വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ നിസംഗ സമീപനമാണ് ഏറ്റവും അപമാനകരം. അതീവ ഗൗരവതരമായ ആവശ്യം ഉന്നയിച്ചുകൊണ്ട് നമ്മുടെ അഭിമാന താരങ്ങള്‍ ഈ വിധം തെരുവിലേക്കിറങ്ങിയിട്ടും അതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളാതെ അതിനുപിന്നിലെ രാഷ്ട്രീയം ചികഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര കായിക മന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം രാജ്യത്തിനാകെ നാണക്കേടാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത് എന്നത് അവിതര്‍ക്കിതമാണ്. ഡല്‍ഹിയില്‍ നടന്ന മറ്റു പലസമരങ്ങളോടും സ്വീകരിച്ചതുപോലെയുള്ള സമീപനമാണ് ഇവിടെയും സ്വീകരിക്കുന്നതെങ്കില്‍ സമരം ഓരോ ദിവസവും പിന്നിടും തോറും സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ തൊലിയുരിക്കപ്പെടുക തന്നെ ചെയ്യും. നടപടിയെടുക്കാന്‍ സമരക്കാര്‍ അനുവദിച്ചു നല്‍കിയ 72 മണിക്കൂര്‍ എന്ന സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ആരോപണ വിധേയരോട് വിശദീകരണം തേടിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.

കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നേരിട്ടു നടത്തിയ ചര്‍ച്ചയില്‍പോലും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് ഒരിഞ്ചു പിറകോട്ടു പോകില്ലെന്ന ഉറച്ച നിലപാടാണ് ഗുസ്തി താരങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് നടത്താനിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ കായിക മന്ത്രി ഇടപെട്ടത് താരങ്ങളുടെ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നതിനുള്ള സര്‍ക്കാറിന്റെ സാക്ഷ്യമാണ്.

ബ്രിജ് ഭൂഷണിന്റെ മുന്‍കാല ചരിത്രവും ഗുസ്തി അസോസിയേഷന്റെ തലപ്പത്ത് അള്ളിപ്പിടിച്ചിരിക്കാന്‍ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന നീക്കങ്ങളുമെല്ലാം നേരത്തെ തന്നെ ദുരൂഹത ഉളവാക്കിയതാണ്. വളരെ പ്രധാനപ്പെട്ട ഒരു അസോസിയേഷന്റെ തലപ്പത്തിരിക്കുമ്പോഴും താരങ്ങള്‍ക്കുവേണ്ടി അദ്ദേഹം എന്ത് ചെയ്തു എന്ന ചോദ്യം അവിടെ ബാക്കിയായി നില്‍ക്കുകയാണ്. അന്താരാഷ്ട്ര കായിക വേദികളില്‍ ത്രിവര്‍ണ പതാക ഏറ്റവുംകൂടുതല്‍ പാറിക്കാറുള്ളത് നമ്മുടെ ഗുസ്തി താരങ്ങളാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ രവികുമാര്‍ ദഹിയയിലൂടെയും ബജ്‌റങ് പുനിയയിലൂടെയും രണ്ട് മെഡലുകളാണ് നമുക്ക് ലഭിച്ചത്. നീണ്ട കാലത്തെ ഇടവേളക്കുശേഷം ലോക കായിക മാമാങ്കത്തില്‍ ജനഗണമന വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയതിന്റെ പിന്നില്‍ ഗുസ്തി മൈതാനങ്ങള്‍ വഹിച്ച പങ്ക് കണക്കുകള്‍ വ്യക്തമാക്കിത്തരുന്നുണ്ട്.

ഈ താര സംഘങ്ങള്‍ രാജ്യത്തിനുതന്നെ ഞെട്ടലുണ്ടാക്കുന്ന തരത്തില്‍ തെരവുവിലറങ്ങിയിട്ടുണ്ടെങ്കില്‍ അത് ഒരു നിമിഷ നേരത്തെ വൈകാരിക പ്രതികരണത്തിന്റെ പിന്‍ബലത്തിലല്ല. മറിച്ച് അവരുടെ പ്രകടനത്തെയും രാജ്യത്തിന്റെ മുന്നേറ്റത്തേയും ബാധിക്കുന്ന തരത്തിലുള്ള അസ്വസ്തതകള്‍ സ്വന്തം മേലാളന്‍മാര്‍ തന്നെ സൃഷ്ടിക്കുമ്പോള്‍ അതു നിരന്തരമായി ഉണര്‍ത്തിയിട്ടും ഭരണകൂടം കേട്ടഭാവം നടിക്കാത്തത് കൊണ്ടാണ്. ആരോപണ വിധേയന്‍ സ്വന്തക്കാരനാണെന്നതിന്റെ പേരില്‍ വിഷയത്തില്‍ ഇനിയും നിസംഗത തുടരനാണ് സര്‍ക്കാറിന്റെ ശ്രമമെങ്കില്‍ മായ്ച്ചുകളയാനാകാത്ത നാണക്കേടായിരിക്കും ജന്തര്‍ മന്തര്‍ വരുംദിനങ്ങളില്‍ സമ്മാനിക്കുക.

webdesk13: