തൃപ്പൂണിത്തറയില്‍ വൃദ്ധദമ്പതികളെ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി. ക്ഷയരോഗം ബാധിച്ച വൃദ്ധദമ്പതികളെ വലിച്ചിഴച്ചാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജപ്തി നടപടികള്‍ ഇനിമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷമാണ് സി.പി.എം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ ഈ ക്രൂരത.
ഏഴുവര്‍ഷം മുമ്പാണ് ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. പലിശയടക്കം 2,70000 രൂപയാണ് ഇവര്‍ തിരിച്ചടക്കേണ്ടത്. എന്നാല്‍ അസുഖം മൂലം ഇവര്‍ക്ക് പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. രണ്ടു സെന്റ് ഭൂമിയും വീടുമാണ് ഉള്ളത്. പ്രദേശത്ത് സെന്റിന് 6 ലക്ഷം രൂപ വിലയുണ്ടെങ്കിലും വീട് ലേലത്തില്‍ കൊടുത്തത് വെറും അഞ്ചുലക്ഷത്തിനായിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ കയ്യില്‍ നിന്ന് വീട് വാങ്ങിയ ആള്‍ പോലീസുമായെത്തി വൃദ്ധദമ്പതികളെ വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. അസുഖബാധിതനായ ഒരു മകനാണ് ഇവര്‍ക്കുള്ളത്. ദമ്പതികള്‍ ഇപ്പോള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് ജപ്തി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. അഞ്ചു ലക്ഷത്തിന് താഴെയുള്ള എല്ലാ വായ്പകള്‍ക്കും മേലുള്ള ജപ്തി ഒഴിവാക്കും. ഗ്രാമങ്ങളില്‍ ഒരേക്കറിനും നഗരങ്ങളില്‍ 50സെന്റിനും ജപ്തി ഒഴിവാക്കുമെന്നുമായിരുന്നു പ്രഖ്യാപനം.