X
    Categories: More

കുട്ടികളോട് ക്രൂരത കടുത്ത ശിക്ഷ വേണം

കുട്ടികളോടുള്ള ക്രൂരത സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപോലും നാണിപ്പിക്കുന്ന തരത്തിലാണ് വിദ്യാസമ്പന്നരായ കേരളത്തില്‍ പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത അരങ്ങേറുന്നത്. പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ് കുട്ടികളോടുള്ള ക്രൂരത. എട്ടും പൊട്ടും തിരിയാത്ത നിഷ്‌കളങ്കരായ കുട്ടികളോട് കരുണവറ്റിയ രീതിയില്‍ പെരുമാറുന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു. താലോലിക്കേണ്ട കൈകള്‍ തന്നെ ഘാതകരാകുന്ന ദുരന്തകാഴ്ചകളാണ് കേരളത്തിലിപ്പോള്‍ സംഭവിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങള്‍ തുടങ്ങി കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്‍ ഏറ്റവും അധമമാണ്.

ഇടുക്കി കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന കോടതി വിധി ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് പാഠമാകേണ്ടതുണ്ട്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും രണ്ടാം പ്രതി രണ്ടാനമ്മ അനീഷക്ക് 10 വര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2013 ജൂലൈ 15നാണ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പിഞ്ചുകുഞ്ഞിനോട് ചില ആയമാര്‍ കാണിച്ച ക്രുരത നടന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നി വരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. മുവാറ്റുപുഴയില്‍നിന്ന് മനസാക്ഷിയെ നടുക്കിയ ക്രൂരകൃത്യത്തെപ്പറ്റി വാര്‍ത്ത വന്നിരുന്നു. നാല് വയസുള്ള അനിയന്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഏഴു വയസുകാരനെ അമ്മയുടെ കൂട്ടുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായിരുന്നു വാര്‍ത്ത. അതിക്രൂരമായ പീഡനങ്ങളാണ് ആ ബാലന്‍ നേരിട്ടത്. തലയോട്ടി പൊട്ടി തലച്ചോറിന് കാര്യമായ കേടുപാടുകള്‍ വരുമാറ് ക്രൂരമായിരുന്നു ആ നരാധമന്റെ ചെയ്തികള്‍. കോഴിക്കോട്ട് അദിതി എന്ന കുട്ടി പീഡനങ്ങളേറ്റ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട സംഭവവുമുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിതാവു തന്നെ ബലാത്സംഗം ചെയ്യുന്നത് നോക്കിനില്‍ക്കുന്ന അമ്മമാരും കേ രളത്തില്‍തന്നെയാണുള്ളത്.

കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷന്‍ നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാല്യകാലത്ത് ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് സ്ഥിരമായി വിധേയരാകുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമകാരികളായ സാമൂഹിക വിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളോടുള്ള ക്രൂരത, (ശാരീരി കം, മാനസികം, ലൈംഗികം) കുട്ടികളോടുള്ള ഉപേക്ഷ, (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം നിഷേധിക്കുക, ആരോഗ്യകാര്യത്തില്‍ ഉപേക്ഷ, സ്‌കൂളില്‍ വിടാതിരിക്കുക) ഇതെല്ലാം ഏറെ ഗുരുതരമായാണ് പരിഗണിക്കുന്നത്. എല്ലാ രാജ്യ ത്തും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് എന്ന ഗവണ്മെന്റ് ഏജന്‍സിക്ക് വിപുലമായ അവകാശങ്ങളുണ്ട്. കുട്ടികള്‍ ക്രൂരതക്കോ ഉപേക്ഷക്കോ ഇരയാവുന്നു എന്ന് സംശയം തോന്നിയാല്‍ കുടുംബങ്ങളില്‍ കടന്നുചെല്ലാനും കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാല്‍ കുട്ടിയെ കുടും ബത്തില്‍നിന്നും മാറ്റി സംരക്ഷണം നല്‍കാനും വരെ അധികാരമുണ്ട്. കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടിലും കുറവൊന്നുമില്ല. 1890 ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ട് മുതല്‍ 2005 ലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കമ്മിഷന്‍ നിയമിക്കുന്ന നിയമം വരെ, പുരോഗമനപരമായ നിയമങ്ങളുടെ പരമ്പര തന്നെയുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും 1989 ലെ കുട്ടികളുടെ അവകാശത്തെപ്പറ്റിയുള്ള കണ്‍വെന്‍ഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും നിയമങ്ങളിലുണ്ട്. കുട്ടികള്‍ക്കുവേണ്ടി എന്ത് നിയമമുണ്ടാക്കാനും ഭരണഘടനയുടെ പിന്തുണയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മിഷനുകളുമുണ്ട്.

കുട്ടികളോടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരളം മുന്നോട്ട്‌പോയിട്ടുണ്ടെന്നല്ലാതെ പൂര്‍ണമായും തടയാനായിട്ടില്ല. ഇരകളായ കുട്ടികളെ ദത്തെടുത്തും മാതാപിതാക്കളെ ജയിലിലടച്ചും തീര്‍ക്കാവുന്ന പ്രശ്നമല്ലിത്. കുട്ടികളെ ഉപദ്രവിക്കുന്നതിനോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഏത് കുഞ്ഞിനോടും ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടന്‍ അധികാരികളെ അറിയിക്കാനുള്ള മനസുണ്ടാവണം. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനും കഴിയണം. അക്രമത്തിന്റെ സാഹചര്യമുണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടന്‍ കുട്ടികളെ സുരക്ഷിതമാക്കി മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കണം. കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവുലഭിക്കുന്ന ആയമാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ഉടന്‍ അധികൃതരെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്. പൊതുജനങ്ങള്‍ക്കും ഇതേ ബോധമുണ്ടാകണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം ക്രൂരത അവസാനിപ്പിക്കാനാകു.

webdesk18: