ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ വര്‍ധനവ് വന്നാല്‍ പോലും ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡീസലിനും മാത്രമല്ല, പാചക വാതകത്തിനു വരെ വിലവര്‍ധിപ്പിക്കും നമ്മുടെ എണ്ണക്കമ്പനികള്‍. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും അറിഞ്ഞ ഭാവം പോലും നടക്കുന്നില്ല ഇവര്‍.
പൊതുമേഖലാ എണ്ണക്കമ്പനികളെ മുന്നില്‍ നിര്‍ത്തി പകല്‍കൊള്ളക്ക് കൂട്ടു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് കണ്ട മട്ടില്ല. രാജ്യാന്തര വിപണിയില്‍ ബാരലിന് 74 ഡോളറായാണ് ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയത്. എന്നാല്‍ ക്രൂഡ് വില 125 ഡോളര്‍ വരെ ഉയര്‍ന്ന സമയത്ത് നിശ്ചയിച്ച അതേ നിരക്കിലാണ് രാജ്യത്ത് ഇപ്പോഴും പെട്രോളും ഡീസലും എല്‍.പി.ജിയും വിറ്റഴിക്കുന്നത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. 2022 മാര്‍ച്ചില്‍ ബാരലിന് 129 ഡോളര്‍ വരെയായാണ് ക്രൂഡ് വില ഉയര്‍ന്നത്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയും ചൈനയില്‍ സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്നതും പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള ഡിമാന്റില്‍ വന്‍ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. ഇതാണ് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയാന്‍ കാരണം. അതേസമയം ലാഭമെടുപ്പിനുള്ള സാധ്യതകള്‍ കൂടുമ്പോഴും നഷ്ടക്കണക്ക് നിരത്തുന്ന എണ്ണക്കമ്പനികളുടെ പതിവ് കലാപരിപാടികള്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില കൂടിയതിനെതുടര്‍ന്ന് വര്‍ഷത്തിന്റെ ആദ്യത്തില്‍ ഡീസല്‍, എല്‍.പി.ജി വിലയില്‍ വന്‍ നഷ്ടം നേരിട്ടിരുന്നതായാണ് വിശദീകരണം.
ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതിരിക്കാനുള്ള അടവ് നയമായാണ് ഇതിനെ വിലയിരുത്തുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡീസലിന്റെ മാര്‍ക്കറ്റിങ് മാര്‍ജിന്‍(ലാഭം) മൈനസ് 13 ശതമാനമായിരുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എല്‍.പി.ജി സബ്‌സിഡിക്കായി കേന്ദ്രം 2200 കോടി നല്‍കിയെങ്കിലും മൊത്തം നഷ്ടം 22,600 കോടിയായിരുന്നുവെന്നും എണ്ണക്കമ്പനികള്‍ വാദിക്കുന്നു. ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുമ്പോള്‍ ആനുപാതികമായി ആഭ്യന്തര വിപണിയിലും എണ്ണ വില കുറയേണ്ടതാണ്.
നേരത്തെ ജനകീയ പ്രതിഷേധം രൂക്ഷമായപ്പോള്‍ വില കുറയ്ക്കാന്‍ തയ്യാറായെങ്കിലും ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ മോദി സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുകയായിരുന്നു.