X
    Categories: indiaNews

ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു; ജനത്തെ ഊറ്റി എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ എണ്ണക്കമ്പനികളെ ജനത്തെ ഊറ്റുന്നു. ആഗോള മാന്ദ്യ ആശങ്കക്കിടെ ക്രൂഡോയില്‍ വില ബാരലിന് 91.51 ഡോളറിലെത്തി. ആകെ ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ക്രൂഡോയില്‍ വിലയിലെ കുറവ് വലിയ ആശ്വാസമാണെങ്കിലും ഡീസല്‍ വില്‍പനയില്‍ നഷ്ടം സംഭവിക്കുന്നതിനാല്‍ വിലയില്‍ മാറ്റം വരുത്താനാവില്ലെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

പെട്രോളിന് വില കുറക്കാവുന്ന അവസ്ഥയാണെങ്കിലും ഡീസല്‍ വില്‍പനയില്‍ ഇപ്പോഴും നഷ്ടമാണെന്നാണ് പൊതുമേഖലാ എണ്ണകമ്പനികള്‍ വില കുറക്കാതിരിക്കാന്‍ ന്യായം പറയുന്നത്. കഴിഞ്ഞ നാലര മാസമായി അന്താരാഷ്ട്ര വിപണിയിലെ വിലക്ക് അനുപാതമായി വില കുറക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നപ്പോള്‍ ഡീസലിന് ലിറ്ററിന് 20-25 രൂപയും പെട്രോളിന് 14-18 രൂപയും നഷ്ടമായിരുന്നെന്നും എന്നാല്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ പെട്രോള്‍ വില്‍പനയില്‍ നഷ്ടമില്ലെന്നും ഡീസല്‍ വില്‍പനയിലെ നഷ്ടം കുറയാന്‍ ഇനിയും സമയമെടുക്കുമെന്നുമാണ് കമ്പനികള്‍ പറയുന്നത്.നിലവില്‍ 4-5 രൂപ ഡീസല്‍ വില്‍പനയില്‍ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ കണക്ക്. എണ്ണക്കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വിലയില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന.

Test User: