ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില ദിനേന കുതിക്കുമ്പോഴും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ഇന്ധനത്തിന്റെ വില താഴേക്ക്. ഇന്നലെ ക്രൂഡ് ഓയില്‍ വിലയില്‍ മൂന്നു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ബാരലിന് 100 ഡോളറില്‍ താഴെയെത്തി. കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് ചൈനയില്‍ ലോക്ക്ഡൗണ്‍ ശക്തമായതും തന്ത്രപരമായ സ്റ്റോക്കില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനുള്ള അമേരിക്കന്‍ തീരുമാനവുമാണ് ക്രൂഡ് വില താഴേക്ക് വരാന്‍ കാരണം. ബെന്റ് ക്രൂഡിന്റെ വില മൂന്ന് ഡോളര്‍ ഇടിഞ്ഞ് ബാരലിന് 99.63 ഡോളര്‍ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. യു.എസ് ക്രൂഡിന്റെ വില നാലു ശതമാനം ഇടിഞ്ഞ് ബാരലിന് 95 ഡോളറിലെത്തിയിട്ടുണ്ട്. അതേസമയം പെട്രോളിന് മുംബൈയില്‍ ലിറ്ററിന് 120.41 ആയി. ഡല്‍ഹിയില്‍ 105.41ഉം ചെന്നൈയില്‍ 110.85 ഉം ആണ് വില.
ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെ
Related Post