X

പ്രവര്‍ത്തക സമിതി കൈക്കൊണ്ടത് നിര്‍ണായക തീരുമാനങ്ങള്‍: മുസ്‌ലിംലീഗ്

മലപ്പുറം: എറണാകുളത്ത് നടന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുമായും ചന്ദ്രികയുമായും ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുണ്ടായെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനം വലിയ വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. കേരളത്തിന്റെ പരിച്ഛേദമായ ഉന്നത വ്യക്തികള്‍ ക്ഷണം സ്വീകരിച്ചെത്തിയ വേദിയില്‍ എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞത് സാമുദായിക സൗഹാര്‍ജത്തിനും രജ്ഞിപ്പിനും മുന്‍കൈയെടുക്കാന്‍ മുസ്്‌ലിംലീഗിന് മാത്രമേ കഴിയൂ എന്നായിരുന്നു. ഇതനുസരിച്ച് സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലേക്ക് കൂടി വ്യാപിപ്പിക്കും. ഹദിയ കാമ്പയിനിലൂടെ സമാഹരിച്ച തുക വിനിയോഗിക്കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമായി. ചന്ദ്രികയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ 10 കോടി രൂപ കൈമാറും. അച്ചടി മാധ്യമങ്ങള്‍ മുഴുവന്‍ നേരിടുന്ന പ്രതിസന്ധികള്‍ മാത്രമാണ് ചന്ദ്രികക്കുമുള്ളത്. ശേഷിക്കുന്ന തുക പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. മുസ്്‌ലിംലീഗ് ഹദിയ പ്രഖ്യാപിച്ചതും ഫണ്ട് സമാഹരിച്ചതും ചന്ദ്രികയെ ഉദ്ദേശിച്ച് തന്നെയായിരുന്നു. ഹദിയ പിരിക്കുന്നതിന് മുമ്പും മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചിരുന്നുവെന്നും പണമില്ലാത്തതു കൊണ്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മുടങ്ങിയിട്ടില്ലെന്നും ഇനി മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുകളുടെ ജനവിരുദ്ധ സമീപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് പ്രക്ഷോഭം തുടരും. ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന സമയത്ത് വിദ്യുച്ഛക്തി വിലവര്‍ധനവ്, കെട്ടിട നികുതി വര്‍ധനവ്, രജിസ്‌ട്രേഷന്റെയും ഭൂമിയുടെ ന്യായവിലയുടെയും വര്‍ധനവ് എന്നിവയിലൂടെ സര്‍ക്കാര്‍ അവരില്‍ അമിത ഭാരം കെട്ടിവെക്കുകയാണ്. ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം ശക്തമാക്കും. വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട സമര പരിപാടികളുമായി മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തിയ സര്‍ക്കാരിനെതിരായ പഞ്ചായത്ത്, മുനിസിപ്പല്‍ ജനപ്രതിനിധികളുടെ സമരം നടത്തും. തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാരിന്റെ ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉപകരണം മാത്രമാക്കി തീര്‍ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഭരണകൂടമെന്ന നിലക്ക് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതി തയാറാക്കാന്‍ കഴിയുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഫണ്ടുകള്‍ വെട്ടിക്കുറച്ച് പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ മുസ്‌ലിംലീഗ് ഒറ്റക്കും യു. ഡി.എഫ് മുന്നണി ഒന്നിച്ചും സമര പരിപാടികള്‍ നടക്കും.

കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചുവെന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും മുസ്‌ലിംലീഗിനെ പോലെയൊരു പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകാന്‍ ആരെങ്കിലും താല്‍പര്യം പ്രകടിപ്പിക്കുമോയെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പമാണ് മുസ്്‌ലിംലീഗ് നേതാക്കളും. യോഗത്തില്‍ ആരോഗ്യപരമായ ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിഹത്യകളും അപഹാസങ്ങളും മുസ്്‌ലിംലീഗിന്റെ ശൈലിയല്ല.

Chandrika Web: