X
    Categories: Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

webdesk18: