ലോകഫുട്ബാളിലെ രാജാക്കന്മാരെ നിശ്ചയിക്കാനുള്ള കലാശപ്പോരില്‍ ഫ്രാന്‍സിന് എതിരാളികള്‍ ക്രൊയേഷ്യ. ലോക ഫുട്ബാളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ക്രൊയേഷ്യ ഫൈനലിന് ടിക്കറ്റ് നേടുന്നത്. 1998ല്‍ ഫ്രാന്‍സിനെതിരെ സെമി ഫൈനല്‍ കളിച്ച് പുറത്തായതായിരുന്നു ഇതുവരേയുള്ള മികച്ച പ്രകടനം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ക്രോട്ട് ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് നേടിയത്.
മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിലൂടെ ലഭിച്ച ആദ്യ ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് രണ്ട് ഗോള്‍ വഴങ്ങി ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞത്. ഫ്രീ കിക്കെടുത്ത കീറന്‍ ട്രിപ്പിയര്‍ ക്രോട്ടിന്റെ വലയില്‍ നേരിട്ട് പന്തെത്തിക്കുകയായിരുന്നു. എന്നാല്‍ 68ാം മിനുട്ടില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. മൈതാനത്തിന്റെ വലതുമൂലയില്‍നിന്ന് സിമേ സാല്‍ക്കോ നല്‍കിയ ക്രോസ് ഇവാന്‍ പെരിസിച്ചാണ് ഇംഗ്ലണ്ടിന്റെ വലയില്‍ നിക്ഷേപിച്ചത്. സ്‌കോര്‍ 1-1. വിജയ ഗോളിനായി ഇരു ടീമുകളും അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ഗോള്‍ ഒന്നും പിറക്കാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഒടുവില്‍ അധിക സമയത്തിന്റെ 19ാം മിനുട്ടില്‍ മരിയോ മന്‍സൂക്കിച്ച് ആണ് ക്രോട്ടിന് വിജയ ഗോള്‍ സമ്മാനിച്ചത്.