ചെന്നൈ: നിനച്ചിരിക്കാത്ത നേരത്ത് ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുകിയെത്തിയാലോ. ആരുമൊന്ന് ഞെട്ടിപ്പോകും. അങ്ങനെയൊരു ഞെട്ടലിലാണ് എച്ച്.ഡി.എഫ്.സി ചെന്നൈ ബ്രാഞ്ചില്‍ അക്കൗണ്ടുള്ള ചില ഉപഭോക്താക്കള്‍. പക്ഷേ ഞെട്ടല്‍ മാറും മുമ്പേ വന്ന വഴിയേ തന്നെ പണം അക്കൗണ്ടില്‍ നിന്ന് നഷ്ടമായതോടെ എന്ത് മറിമായമാണ് സംഭവിച്ചതെന്ന് അറിയാനുള്ള കൗതുകമായി പലര്‍ക്കും.
ബാങ്ക് അവധി ദിവസമായ ഞായറാഴ്ചയാണ് പലരുടേയു അക്കൗണ്ടിലേക്ക് പണം എത്തിയത്. ചിലരുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍, മറ്റു ചിലരുടെ അക്കൗണ്ടില്‍ കോടികള്‍. എച്ച്.ഡി.എഫ്.സി ചെന്നൈ ബ്രാഞ്ചിലെ അക്കൗണ്ടുകളിലേക്ക് മാത്രമാണ് പണം വന്നത്. 2.2 കോടി രൂപ വരെ ലഭിച്ചവരുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ബാങ്ക് അധികൃതര്‍ വിവരം അറിയുന്നത്. വിവരമറിഞ്ഞ ഉടന്‍ അപ്രതീക്ഷിത സാമ്പത്തിക ഇടപാട് നടന്ന ബാങ്ക് അക്കൗണ്ട് മുഴുവന്‍ അധികൃതര്‍ മരവിപ്പിച്ചു. ഇതോടെ പണം വന്നവര്‍ ഉള്ളതുകൂടി നഷ്ടപ്പെട്ട അവസ്ഥയിലായി. സോഫ്റ്റ് വെയര്‍ തകരാറാണ് കാരണമെന്നാണ് വിശദീകരണം.