ടി.കെ. ഷറഫുദ്ദീന്‍
കോഴിക്കോട്
മദ്യവില്‍പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒഴുകിയത് കോടികള്‍. സമസ്ത മേഖലയിലും പരാജയമാകുമ്പോഴും ജനങ്ങളെ കുടിപ്പിച്ച്കിടത്തി മദ്യവില്‍പനയില്‍ ഇടത് സര്‍ക്കാര്‍ ലാഭംകൊയ്യുകയായിരുന്നു. ഓരോവര്‍ഷവും ക്രമാനുഗതമായ വര്‍ധനവാണ് റവന്യുവരുമാനത്തിലുണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തില്‍ 35,000 കോടിയാണ് മദ്യത്തിലൂടെമാത്രം ഖജനാവിലെത്തിയത്. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള കണക്കാണിത്. 41.68 കോടി ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യമാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്. ബിവറേജസ് കോര്‍പറേഷന്‍(ബവ്കോ)വഴി 16.67 കോടി ലിറ്റര്‍ ബിയര്‍ ആന്റ് വൈന്‍ വില്‍പനനടത്തി വരുമാനമുണ്ടാക്കി. ആകെ വരുമാനം കണക്കാക്കുമ്പോള്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിലൂടെ 31,911 കോടിരൂപയും ബിയര്‍ ആന്റ് വൈനിലൂടെ 3,050 കോടിയുമാണ് സര്‍ക്കാരിന് ലഭിച്ചത്.
കോടികള്‍ അധികംകൊയ്യാനുള്ള ലക്ഷ്യവുമായി മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപപിച്ച മദ്യനയമെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. മദ്യനയത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രണ്ടാംപിണറായി സര്‍ക്കാരിന്റെകാലത്തെ മദ്യവരുമാന കണക്ക് പുറത്ത്വരുന്നത്. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഓരോഘട്ടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വില്‍പന പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ പ്രതിരോധം പ്രഹസനമാണെന്നതും വ്യക്തമാകുന്നു. മദ്യനയത്തെ പ്രതിപാദിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രോളായിയെത്തിയിട്ടുണ്ട്.
നിലവിലുള്ള കണക്കുപ്രകാരം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഓരോദിവസവും വിറ്റ്പോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മദ്യവില്‍പനശാലകളുടെ എണ്ണംക്രമീകരിച്ച് മദ്യഉപഭോഗത്തെ കാര്യമായി ബാധിച്ചിരുന്നെങ്കില്‍ കഴിഞ്ഞരണ്ട് വര്‍ഷമായി യഥേഷ്ടം ലഭിക്കുന്നസ്ഥിതിയുണ്ടായതാണ് വീണ്ടുംവില്‍പനകൂടാന്‍ കാരണമാക്കുന്നത്. കോവിഡ്സമയങ്ങളിലാണ് ബവ്കോ വലിയതോതില്‍ തിരിച്ചടി നേരിട്ടത്. വില്‍പനയില്‍ നേരിട്ട ഈ നഷ്ടം പിന്നീടുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മറികടക്കുകയായിരുന്നു. വരുമാനംമാത്രംമുന്നില്‍കണ്ട് സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിക്കാന്‍ തീരുമാനിച്ചതോടെ വരുംവര്‍ഷങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുമെന്നകാര്യം ഉറപ്പാണ്. സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്ന് മദ്യനിരോധന സമിതിയടക്കമുള്ള വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിനൊരുങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ആദ്യഘട്ടമായി മദ്യനിരോധനസമിതി അധ്യക്ഷന്‍ ടി.എം രവീന്ദ്രന്‍ നാളെ മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപം ഉപവാസസമരം നടത്തും.