ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.
350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു.
മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.
പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.