ആലപ്പുഴ: വീട്ടിലെ കുളത്തില്‍ മുതലയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ആറാട്ടുവഴി കാര്‍ളശ്ശേരില്‍ കെഎന്‍ സിമിയുടെ വീട്ടിലെ കുളത്തിലാണ് മുതല ഇറങ്ങിയതായി വീട്ടുകാരും നാട്ടുകാരും പറയുന്നത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് കണ്ടത്.
കൂട്ടില്‍ കിടന്ന താറാവുകള്‍ ബഹളം കൂട്ടിയപ്പോള്‍ ഓടിയെത്തിയ സിമിയുടെ സഹോദരന്‍ മാര്‍ട്ടിന്‍ ആണ് ആദ്യം ‘മുതല’യെ കാണുന്നത്. കുടുംബാംഗങ്ങളും അയല്‍വാസികളും ഓടിയെത്തിയപ്പോള്‍ ഇതു കുളത്തിലേക്ക് ചാടിയതായി മാര്‍ട്ടിന്‍ പറഞ്ഞു.
വീടിനു സമീപം വരെ നാട്ടുചാലുണ്ട്. മഴക്കാലത്ത് നാട്ടുചാല്‍ വഴി കയറിതാകാമെന്നു നാട്ടുകാരും പറയുന്നു. തുടര്‍ന്നു കുളക്കരയില്‍ ലൈറ്റ് സ്ഥാപിച്ച് വലയും മറ്റും കെട്ടി സംരക്ഷിച്ചു.
രാത്രി എട്ടരയോടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷൈന്‍ കെ ഉമ്മന്‍ സ്ഥലത്തെത്തി. കഴുത്തോളം താഴ്ചയുള്ള കുളത്തില്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുളത്തില്‍ കണ്ടതു മുതല ആയിരിക്കില്ലെന്നും ഉടുമ്പ് ആകാമെന്നും ഷൈന്‍ പറഞ്ഞു.