കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ ക്രൊയേഷ്യയുടെ വിങ്ങര്‍ ഇവാന് പെരിസിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സ്പെയിനിനെ ക്രൊയേഷ്യ നേരിടാനൊരുങ്ങുന്നതിനിടെയാണ് കളിക്കാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
മറ്റു താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ക്രൊയേഷ്യന്‍ ടീം നല്കുന്ന വിവരം. ടീമില്‍ തിരിച്ചെത്താന്‍ പത്ത് ദിവസത്തെ ഐസൊലേഷന്‍ പെരിസിച്ച് പൂര്‍ത്തിയാക്കേണ്ടതുണ്ട്. യൂറോ കപ്പില്‍ മൂന്ന് മത്സരത്തിനിടെ രണ്ട് തവണ വല ചലിപ്പിച്ചിരുന്നു താരം. ചെക്ക് റിപ്പബ്ലിക്കിനും സ്കോട്ലന്ഡിനും എതിരെയായിരുന്നു ഗോളുകള്‍.
വര്‍ഷങ്ങളായി ക്രൊയേഷന്‍ ടീമിലെ നിര്‍ണായ സാന്നിധ്യമാണ് ഇവാന് പെരിസിച്ച്. ക്രൊയേഷ്യന്‍ കുപ്പായത്തില്‍ 104 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 30 ഗോളുകള്‍ നേടിയിട്ടുണ്ട്.