മോസ്‌കോ: ഇംഗ്ലണ്ടിനു മേലുള്ള ക്രൊയേഷ്യയുടെ ലോകകപ്പ് വിജയത്തില്‍ രണ്ട് കളിക്കാരുടെ അസാമാന്യമായ അര്‍പ്പണബോധത്തിന്റെയും കോച്ചിന്റെ അപാരമായ ധൈര്യത്തിന്റെയും കഥയുണ്ട്. റഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഫുള്‍ബാക്ക് വിര്‍സാല്‍കോയും തലേദിവസം പനിയുടെ പിടിയിലായിരുന്ന മധ്യനിരക്കാരന്‍ ഇവാന്‍ റാകിറ്റിച്ചും സെമിഫൈനലിന് ഇറങ്ങിയത് ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കകള്‍ മാറ്റിവെച്ചു കൊണ്ടാണ്. നൂറു ശതമാനം ആരോഗ്യവാന്മാരല്ലെന്നറിഞ്ഞിട്ടും തന്റെ തന്ത്രങ്ങളിലെ നിര്‍ണായക ഭാഗങ്ങളായ ഇരുവരെയും കളിപ്പിച്ച കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് ഒരു കൈവിട്ട കളിതന്നെയാണ് കളിച്ചത്. ടീമിന്റെ ജയത്തില്‍ ഇരുവരുടെയും സംഭാവന നിര്‍ണായകമായിരുന്നു എന്നറിയുമ്പോഴാണ് ഈ നീക്കത്തിന്റെ വില മനസ്സിലാവുക.
റാകിറ്റിച്ചും ലൂക്കാ മോദ്രിച്ചും നയിക്കുന്ന മധ്യനിരയെ ലക്ഷ്യം വെച്ചുകൊണ്ട് ഇംഗ്ലണ്ടിന് പ്രത്യേക പദ്ധതികളുണ്ടായിരുന്നതിനാല്‍ ആദ്യപകുതിയില്‍ ഇരുവര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാല്‍, ടീമിന്റെ നിര്‍ണായകമായ സമനില ഗോളിന് ചരടുവലിച്ചത് റാകിറ്റിച്ചും ഗോളടിക്കാന്‍ പാകത്തില്‍ പെരിസിച്ചിന് ക്രോസ് നല്‍കിയത് വിര്‍സാല്‍കോയുമാണ്.
മോദ്രിച്ചിനെ ഇംഗ്ലീഷ് മധ്യനിര പൂട്ടിയതിനാല്‍ മൈതാനത്തിന്റെ ഇടതുഭാഗത്തു കൂടിയാണ് ക്രൊയേഷ്യ ആക്രമണം നയിച്ചിരുന്നത്. ഈ ഭാഗത്താണ് റാകിറ്റിച്ച് നിലയുറപ്പിച്ചിരുന്നതും. എന്നാല്‍, ഇതുവഴിയുള്ള ആക്രമണങ്ങളുടെ മുനയൊടിക്കും വിധമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതിരോധ വിന്യാസം. ഇടതുവശത്തുനിന്ന് ബോക്‌സിലേക്ക് ക്രൊയേഷ്യന്‍ താരങ്ങള്‍ നല്‍കിയ ക്രോസുകളൊക്കെ ഇംഗ്ലണ്ടുകാര്‍ തുടര്‍ച്ചയായി വിഫലമാക്കി.
അതിനിടെയാണ് 65-ാം മിനുട്ടില്‍ റാകിറ്റിച്ച് വ്യത്യസ്തമായ രീതിയില്‍ ചിന്തിച്ചത്. ബോക്‌സിനു മധ്യത്തിലായി പന്തുകിട്ടിയ താരം ഇടതുവശത്തേക്കോ മുന്നിലേക്കോ നല്‍കുന്നതിനു പകരം പന്ത് വലതുഭാഗത്ത് ത്രോലൈനിന് സമീപം നില്‍ക്കുകയായിരുന്ന വിര്‍സാല്‍കോക്ക് നല്‍കി.
അതുവരെ ഇവാന്‍ പെരിസിച്ചിനെ നോട്ടമിട്ടിരുന്ന ഇംഗ്ലണ്ട് ഡിഫന്റര്‍മാരുടെ ശ്രദ്ധ അതോടെ അങ്ങോട്ടു തിരിഞ്ഞു. സമയം കളയാതെ വിര്‍സാല്‍കോ ബോക്‌സിലേക്കു ക്രോസ് നല്‍കിയപ്പോള്‍ സ്വതന്ത്രനായി ഓടിക്കയറാനും പന്ത് വലയിലേക്ക് തട്ടാനും പെരിസിച്ചിനു കഴിഞ്ഞു. പെരിസിച്ചിന്റെ ഫിനിഷിങിനൊപ്പം റാകിറ്റിച്ചിന്റെ ബുദ്ധിയും വിര്‍സാല്‍കോയുടെ കൃത്യതയും സമ്മേളിച്ച ആ ഗോള്‍ മത്സരഗതി ക്രൊയേഷ്യക്ക് അനുകൂലമാക്കി. എക്‌സ്ട്രാ ടൈമില്‍ വിര്‍സാല്‍ക്കോ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ നിന്ന് ക്ലിയര്‍ ചെയ്യുകയും ചെയ്തു.
ഗോള്‍കീപ്പര്‍ സുബാസിച്ചും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും മത്സരത്തിന്റെ തലേന്ന് അദ്ദേഹം ആരോഗ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റാകിറ്റിച്ചിന്റെയും വിര്‍സാല്‍കോയുടെയും കാര്യത്തില്‍ അതായിരുന്നില്ല സ്ഥിതി. നിര്‍ണായക ഘട്ടത്തില്‍ സന്നദ്ധത കാണിച്ച ഇരുവരും ടീമിന്റെ കന്നി ഫൈനലിലേക്കുള്ള യാത്രയില്‍ സുപ്രധാന പങ്കുവഹിച്ചു.