മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല ധാരണയുള്ള യൂറോപ്യന്‍ ഡിഫന്‍സിനെ കീഴടക്കാനുമുള്ള ശേഷി ഈഗിള്‍സിന്റെ കൈവശം ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ കൈമെയ് മറന്ന് പൊരുതി.
ലുക്കാ മോഡ്രിച്ചും റാകിട്ടിച്ചും റേബിച്ചുമായിരുന്നു ക്രൊയേഷ്യയുടെ എന്‍ജിന്‍ റൂം. മധ്യനിരയില്‍ ഇവര്‍ നിരന്തരം പ്രവര്‍ത്തിച്ചപ്പോള്‍ കളിയുടെ നിയന്ത്രണം വ്യക്തമായും ഒരു ടീമിന്റെ കയ്യിലായി. ആന്ദ്രേ ക്രമറിച് ഡിഫണ്ടര്‍മാര്‍ക്ക് പിടിപ്പത്പണിയുണ്ടാക്കുന്നുണ്ടായിരുന്നു. മരിയോ മന്‍ഡ്സുകിച് തന്റെ വലിയ ശരീരം കൊണ്ടും മുന്‍നിരയിലെ പൊസിഷനിങ് കൊണ്ടും ഡിഫന്‍സിനെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. 90 മിനുട്ടുള്ള കളിയില്‍ ഒരു നിമിഷത്തെ നോട്ടം തെറ്റിയാല്‍ മതി അയാള്‍ അപകടമുണ്ടാക്കാന്‍.
മത്സരത്തിന് മുമ്പ് ഇവോബിയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, ആഫ്രിക്കക്കാരില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് മോസസിന് മാത്രം. അയാളുടെ ചടുല വേഗത്തിന് ഒപ്പം നില്‍ക്കാന്‍ പറ്റിയ ഒരു പങ്കാളി ഇല്ലായിരുന്നു. പന്ത് കിട്ടുമ്പോഴൊക്കെ മോസസ് തന്റെ പ്രതിഭ വെളിപ്പെടുത്തിയെങ്കിലും നൈജീരിയന്‍ വെല്ലുവിളി വലതുവിങ്ങില്‍ മാത്രമായി. ഇയാനച്ചോയും മൂസയും വന്നപ്പോള്‍ കളിയൊന്ന് ചൂടുപിടിച്ചെങ്കിലും രണ്ടു ഗോള്‍ ലീഡ് ഡിഫന്‍ഡ് ചെയ്യുക എന്ന പണിയേ ക്രോട്ടുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അത് എളുപ്പവുമായിരുന്നു.
അര്‍ജന്റീനയെ പിന്നിലാക്കി ഗ്രൂപ്പ് ചാംപ്യന്മാരാവാന്‍ ഉള്ള എല്ലാ കോപ്പും ക്രൊയേഷ്യക്കുണ്ട്. അര്‍ജന്റീന-ക്രൊയേഷ്യ മത്സരം സമനില ആകാനാണ് സാധ്യത. ഐസ്ലാന്‍ഡില്‍ നിന്നു വ്യത്യസ്തമായി ആക്രമിക്കാന്‍ മടി കാണിക്കാത്ത ടീമാണ് നൈജീരിയ. അര്‍ജന്റീനയുടെ ഭീതിയും സാധ്യതയും ഒരേസമയം അതാണ്.