X

സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല: നിയമ കമ്മീഷന്‍

 

ന്യൂഡല്‍ഹി: രാജ്യത്തെയോ, സര്‍ക്കാറിനേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്‍. അക്രമത്തിലൂടെയോ, നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകൂവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യത്തേയോ, ഏതെങ്കിലും ദര്‍ശനങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാനാവില്ല. വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ല രാജ്യം കൈക്കൊള്ളുന്നതെങ്കില്‍ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പും ശേഷവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകും. സ്വന്തം ചരിത്രത്തെ വിമര്‍ശന വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഇതു സംബന്ധിച്ച വിദഗ്ധാഭിപ്രായ രേഖയില്‍ കമ്മീഷന്‍ പറയുന്നു. സര്‍ക്കാറിന്റെ നിലപാടുകളോടൊ, അഭിപ്രായങ്ങളോടൊ ഐക്യപ്പെടാത്തതിന്റെ പേരില്‍ ഒരു വ്യക്തിയേയും രാജ്യദ്രോഹിയായി മുദ്രകുത്താനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഏതെങ്കിലും പ്രവൃത്തിയുടേയോ പരാമര്‍ശത്തിന്റേയോ ഉദ്ദേശ്യം സായുധ നീക്കത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുക എന്നതാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹമായി വിലയിരുത്താനാവൂവെന്ന് വ്യക്തമാക്കിയ കമ്മീഷന്‍, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെതിരെ കേസെടുത്ത നടപടിയും ഉദാഹരിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതാണെങ്കിലും അതിനെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ആയുധമായി ദുരുപയോഗം ചെയ്യരുതെന്നും കമ്മീഷന്‍ പറഞ്ഞു. അഭിപ്രായ ബഹുസ്വരതയും വിമര്‍ശനവും സക്രിയ ജനാധിപത്യത്തിന്റെ നിര്‍ണായക ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കേണ്ടതുണ്ട്. രാജ്യത്ത് നിയമ രംഗത്തുള്ളവരും അധികാര രംഗത്തും സര്‍ക്കാര്‍, സര്‍ക്കാറിതര രംഗത്തുള്ളവരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും എല്ലാം തമ്മില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളും സംവാദങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ 21-ാമത്തെ നിയമ കമ്മീഷനാണ് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2017ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 112 രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

chandrika: