X

സുപ്രീംകോടതിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളണം – എഡിറ്റോറിയല്‍

രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഐക്യം ഇല്ലാതാക്കാനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയശേഷം ഇത്തരം നീക്കങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനെതിരെ ചെറിയ ചില നീക്കങ്ങളെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അത് ഉന്നത നീതിപീഠത്തില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും.

ചരിത്ര സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ബി.ജെ.പി നേതാവ് അശ്വിനികുമാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി നടപടി മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ എവിടെയൊക്കെയോ ബാക്കിനില്‍ക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ പല ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അധിനിവേശ രാജാക്കന്മാരുടെ പേരിലാണെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകന്‍കൂടിയായ അശ്വിനികുമാര്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ വിധി പറയുന്നതിനിടയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അശ്വിനികുമാറിനെ വിമര്‍ശിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഹരജി എന്ന് നിരീക്ഷിച്ച കോടതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും സമൂഹത്തില്‍ നാശം വിതക്കാനല്ല കോടതിയെന്നും അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തിന്റെ മഹത്വം ഹര്‍ജിക്കാരനെ പഠിപ്പിക്കാനും കോടതി തയാറായി. ‘നിങ്ങളുടെ പ്രവര്‍ത്തികള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

ഭൂതകാലത്തിന്റെ ഭാരം ഇന്നത്തെ തലമുറ ചുമക്കേണ്ട ഗതികേട് ഉണ്ടാക്കിവെക്കരുത്. നിങ്ങളുടെ ഓരോപ്രവര്‍ത്തിയും രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും’ ജസ്റ്റിസ് കെ.എം ജോസഫിന്റെ വാക്കുകള്‍ പ്രതീക്ഷാര്‍ഹമാണ്. ഇന്ത്യക്കാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന കൊളോണിയല്‍ തന്ത്രത്തോടാണ് ഹരജിയെ കോടതി താരതമ്യം ചെയതത്. പരാതി പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നതാണെന്നും കോടതി ആരോപിച്ചു. ‘നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം നമ്മുടെ രാജ്യത്തെ ഒരിക്കല്‍ കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നിങ്ങള്‍ മനപൂര്‍വം ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുകൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നത് നിങ്ങള്‍ മറക്കരുത്. രാജ്യം വീണ്ടും തിളച്ചുമറിയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. മനസില്‍ രാജ്യമാണ് വേണ്ടത്. മതമല്ല’ ജസ്റ്റിസ് നാഗരത്‌നയുടെ വാക്കുകള്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ താക്കീതാണ് നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമസാധുത, നിയമനിര്‍മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിലൂടെ ശ്രദ്ധേയയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന. ജഡ്ജിമാര്‍ വിവാദ വിധികള്‍ പുറപ്പെടുവിക്കുകയും പിന്നാലെ അവര്‍ രാഷ്ട്രീയ നിയമനങ്ങളിലുള്‍പ്പെടുകയും ചെയ്യുന്ന സംഭവങ്ങളാണ് സമീപകാലങ്ങളില്‍ ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

പ്രശസ്തമായ പല സ്ഥലങ്ങളുടെയും പേരുകള്‍ സംഘ്പാരിവാര്‍ ശക്തികള്‍ ഇതിനോടകം മാറ്റിയിട്ടുണ്ട്. ഇയ്യിടെ രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി അമൃത് ഉദ്യാന്‍ എന്നാക്കിയിരുന്നു. അലഹബാദിന്റെ പേര് നേരത്തെ പ്രയാഗ്‌രാജ് എന്നാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ മുഗള്‍ ചരിത്രം പേറുന്ന യൂസഫ് സരായ്, മസൂദ്പൂര്‍, സംറൂദ്പൂര്‍, ബേഗംപൂര്‍, സെയ്ദുല്‍ അജാബ് തുടങ്ങിയ നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനും പദ്ധതിയുണ്ട്.

കോടതി വ്യക്തമാക്കിയ പോലെ ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചാണ് ഇതെല്ലാം അരങ്ങേറുന്നത്. രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെ ശേഷിപ്പുകളെല്ലാം നീക്കണമെന്നാണ് സംഘ്പരിവാര്‍ താല്‍പര്യം. താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്ന താല്‍പര്യമാണ് ബി.ജെ.പിക്കുള്ളത്. സ്വന്തമായി എടുത്തുപറയാന്‍ ഒന്നുമില്ലാത്തവരാണ് പേര് മാറ്റത്തിലൂടെ ചരിത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യ ആരുടേയും കുത്തകയല്ലെന്നാണ് അവരോട് പറയാനുള്ളത്. വ്യത്യസ്ത മതങ്ങളുടേയും ഭാഷകളുടേയും വേഷങ്ങളുടേയും സംസ്‌കാരത്തിന്റെയും സങ്കര ഭൂമിയാണ് ഇന്ത്യ.

ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. അതില്‍ പ്രധാനപ്പെട്ടതാണ് സ്ഥലങ്ങളുടെ പേരുകളും. ഇന്ത്യ എന്നും ഇന്ത്യയായി തന്നെ നിലനില്‍ക്കണം. കോടതി നിരീക്ഷിച്ചപോലെ ഫാസിസ്റ്റ് ശക്തികളില്‍നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ നാശം മാത്രമേ വിതയ്ക്കൂ. മുസ്‌ലിം വിരോധംവെച്ച് മാത്രം പേരുകള്‍ മാറ്റുന്ന പ്രവണത വിദ്വേഷം വളര്‍ത്താനേ ഉപകരിക്കൂ. കോടതി സൂചിപ്പിച്ചപോലെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അനിവാര്യം ഇത്തരം നീക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കലാണ്.

 

webdesk13: