ബി.ജെ.പിയെ വിമർശിച്ചതിന് പിന്നാലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദയെ ഹിന്ദു വിരുദ്ധനെന്ന് വിളിച്ച് മാണ്ഡി എം.പി കങ്കണ റാവത്ത്. ഉദ്ധവ് താക്കറെ ചതിക്കപ്പെട്ടുവെന്ന അവിമുക്തേശ്വരാനന്ദയുടെ പ്രതികരണത്തിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകൻ എന്ന് വിളിച്ചത് വഴി ശങ്കരാചാര്യർ എല്ലാവരുടേയും വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് കങ്കണ പറഞ്ഞു. രാഷ്ട്രീയത്തിൽ സഖ്യങ്ങളുണ്ടാവുന്നതും പാർട്ടികൾ പിളരുന്നതും സാധാരണമാണ്. 1907ൽ കോൺഗ്രസ് പാർട്ടി പിളർന്നു. 1971ലും പിളർപ്പുണ്ടായി. ഇതൊക്കെ രാഷ്ട്രീയത്തിൽ സാധാരണമാണെന്നും കങ്കണ പറഞ്ഞു.ശങ്കരാചാര്യർ വാക്കുകളേയും സ്വന്തം പദവിയേയും ദുരുപയോഗം ചെയ്തു. അദ്ദേഹം ഹിന്ദു മതത്തെയാണ് അപമാനിച്ചതെന്നും കങ്കണ കൂട്ടിച്ചേർത്തു.
ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടുവെന്നും ഇന്ന് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും ശങ്കരാചാര്യർ പറഞ്ഞിരുന്നു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകാതെ ജനങ്ങളുടെ വേദന മാറില്ല. വഞ്ചന നടത്തുന്നവർ ഹിന്ദുക്കളല്ലെന്നും ശങ്കരാചാര്യർ പറഞ്ഞിരുന്നു.
നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ള ശങ്കരാചാര്യരുടെ നടപടിയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങിനുള്ള ക്ഷണം നിരസിച്ചാണ് ശങ്കരാചാര്യർ വാർത്തകളിൽ ഇടംപിടിച്ചത്.