കൊച്ചി- മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം മയപ്പെടുത്തിയ ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയെ ചോദ്യം ചെയ്താണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ തമ്മില്‍ പോരടിക്കുന്നതെന്നും അദേഹം വാദിച്ചു.
ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വകലാശാലകളെ ഒരു പരുവത്തിലാക്കിയത്. ബി.ജെ.പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവിടെ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. അതുകൊണ്ടാണ് കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കിയത്. പ്രതിപക്ഷ നേതാവ് ആരോപിച്ചു.
നിയമസഭ സമ്മളേനത്തില്‍ നിരവധി ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. ബജറ്റില്‍ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുര്‍ചെലവുകള്‍ വര്‍ധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകര്‍ക്കാം എന്നതിന്റെ ഉദാഹരണമാണ് സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ്. വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫര്‍ സോണും തീരദേശ മേഖകളിലെ വിഷയങ്ങളും സര്‍ക്കാരിന്റെ സംഭരണം തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും സഭയില്‍ ഉന്നയിക്കും. അദേഹം പറഞ്ഞു.