അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന വിശേഷണമുള്ള ഈ പഞ്ചയുദ്ധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുഴുവന്‍ നിര്‍ണായകമാണ്. അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയായി കരുതപ്പെടുന്ന ഈ തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തുണ്ടായ പുതിയ സാഹചര്യങ്ങളെ 18 കോടിയോളം വരുന്ന ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാന്‍ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഉത്തര്‍പ്രദേശ് തന്നെയാണ് ഏറ്റവും ശ്രദ്ധാ കേന്ദ്രം. യു.പി പിടിച്ചാല്‍ കേന്ദം പിടിച്ചു എന്നത് ദേശീയ രാഷ്ട്രീയ വൃത്തങ്ങളില്‍ നിലനില്‍ക്കുന്ന ആപ്തവാക്യമാണ്. സമീപ കാലത്തെ ഉത്തരേന്ത്യന്‍ രാഷ്ട്രീയം വിലയിരുത്തുമ്പോള്‍ അതിന് യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലവുമുണ്ട്. കേവല ഭൂരിപക്ഷത്തേക്കാള്‍ നൂറിലധികം സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് (312) 2017 ല്‍ ബി.ജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയത്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും സമാന രീതിയില്‍ തന്നെയാണ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരമേറിയതും. എന്നാല്‍ ഇത്തവണ യു.പിയില്‍ ബി.ജെ.പി അഗ്നി പരീക്ഷണം തന്നെ നേരിടേണ്ടിവരും എന്ന സ്ഥിതിയാണുള്ളത്. പടിഞ്ഞാറന്‍ യു.പിയില്‍ ഉയര്‍ന്നുകേട്ട കര്‍ഷക സമരത്തിന്റെ അലയൊലികള്‍, ലഖിംപൂര്‍ കൊലപാതകം, കോവിഡ് പ്രതിരോധ നടപടികളിലെ ഗുരുതര വീഴ്ച്ച, ഹാഥ്‌റാസ് സംഭവം, ക്രമസമാധാന പ്രശ്‌നങ്ങള്‍, ന്യൂനപക്ഷങ്ങള്‍ നേരെയുണ്ടാകുന്ന നിരന്തരവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം പ്രതിപക്ഷ കക്ഷികള്‍ക്ക് ശക്തമായ ആയുധങ്ങളാണ് സമ്മാനിക്കുന്നത്. ഭരണപക്ഷത്താണെങ്കില്‍ യോഗി സര്‍ക്കാര്‍ ഹിന്ദുത്വത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന ധ്രുവീകരണത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. എന്നാല്‍ വിലക്കയറ്റമുള്‍പ്പെടെ സാധാരണക്കാരെ പിടിച്ചുലച്ച ദുരിതാനുഭവങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാലികളില്‍ തടിച്ചുകൂടുന്ന ജനാവലിയും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളേയും യുവാക്കളേയും ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റങ്ങളും പ്രതീക്ഷാ നിര്‍ഭരമാണ്. കഴിഞ്ഞ തവണ ഒറ്റക്കുമത്സരിച്ച് മികച്ച വോട്ടുവിഹിതം നേടിയ മായാവതി മൗനത്തിലാണെങ്കിലും 2017ല്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ മതേതര കക്ഷികള്‍ തയാറായാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ സാധിക്കുക തന്നെ ചെയ്യും.
ഭരണ മാറ്റം ശീലമാക്കിയ പഞ്ചാബില്‍ പക്ഷേ കര്‍ഷക സമരത്തിന്റെ പ്രതിധ്വനി കോണ്‍ഗ്രസിന് അനുകൂലമായാണ് ഉയരുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പു പോരും അമരീന്ദര്‍സിംഗിന്റെ പുറത്തുപോകലുമെല്ലാം വലിയൊരു ആശയക്കുഴപ്പത്തിലേക്കു നീങ്ങാതെ പരിഹരിക്കാന്‍ ഹൈക്കമാന്റിന് സാധിച്ചു എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ചരിത്രത്തിലെ ആദ്യ ദളിത് മുഖ്യമന്ത്രിയെ അവരോധിക്കാനായതും ബി.ജെ.പി ശിരോമണി അഖാലിദള്‍ സഖ്യം വഴിപിരിഞ്ഞതുമെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കഴിഞ്ഞ തവണ ഭരണം പിടിക്കാന്‍ കഴിയാതെപോയ ഗോവയിലും മണിപ്പൂരിലും അക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് ശനി ദശയാണ്. ഗോവയില്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോടങ്കറും പാര്‍ട്ടി ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി ചിദംബരവും നടത്തുന്ന കഠിന പരിശ്രമങ്ങള്‍ക്ക് പക്ഷേ ആംആദ്മിയും തൃണമൂലും ഉള്‍പ്പെടെയുള്ള മതേതര ശക്തികള്‍ തന്നെ തുരങ്കം വെക്കുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് അഞ്ചുവര്‍ഷത്തിനിടെ മൂന്നുതവണയാണ് മുഖ്യമന്ത്രിമാരെ മാറ്റേണ്ടി വന്നത്. കര്‍ഷക സമരത്തിന്റെ അലയൊലികള്‍ പ്രകടമായ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്നതാണ്.
ഈ തെരഞ്ഞെടുപ്പുകള്‍ ഏറ്റവും നിര്‍ണായകമാകുന്നത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും തന്നെയാണ്. ബി.ജെ.പിയുടെ പ്രധാന ആയുധം ഹിന്ദുത്വ തന്നെയാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. വന്‍കിട പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യപനങ്ങള്‍ പ്രധാനമന്ത്രി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അതിനെല്ലാം രണ്ടാം സ്ഥാനം മാത്രമാണ് അവര്‍ തന്നെ കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം മതേതര കൂട്ടായ്മക്ക് നേതൃത്വം തങ്ങള്‍ക്കുതന്നെയാണെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ പ്രാദേശിക കക്ഷികളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന മതേതര കൂട്ടായ്മകള്‍ക്ക് ആക്കം കൂടുകയും ചെയ്യും.