മാഡ്രിഡ്: സിദാന് പിറകെ കൃസ്റ്റിയാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് വിടുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് അദ്ദേഹം ആവശ്യപ്പെടുന്ന പ്രകാരമുള്ള പ്രതിഫല വര്‍ധന വാഗ്ദാനം ചെയ്യുന്ന കരാറിന് താല്‍പ്പര്യമില്ലെന്ന് റയല്‍ മാനേജ്‌മെന്റ് അറിയിച്ചതോടെ റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്നാണ് സൂചന. ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മന്‍ അദ്ദേഹത്തിന് ആവശ്യപ്പെടുന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തില്‍ ആ വഴിയേ സഞ്ചരിക്കാനായിരിക്കും താരത്തിന് താല്‍പ്പര്യം. പി.എസ്.ജി വിട്ട് സ്‌പെയിനിലേക്ക് വരാന്‍ നെയ്മര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ സീസണില്‍ ഞെട്ടിക്കുന്ന താര കൈമാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. റൊണാള്‍ഡോ ക്ലബ് വിടുന്ന സാഹചര്യം വന്നാല്‍ നെയ്മറെ ഉറപ്പിക്കാനാണ് റയല്‍ മനീങ്ങുന്നത്. സിദാന്‍ ക്ലബ് വിടാന്‍ തന്നെ കാരണം താരങ്ങളുടെ കാര്യത്തിലെ അനിശ്ചിതത്വമാണെന്നാണ് കരുതപ്പെടുന്നത്. സിദാനുമായി ഉറച്ച വ്യക്തിബന്ധമായിരുന്നു റൊണാള്‍ഡോക്ക്. ഫ്രഞ്ചുകാരന്‍ രാജിവെച്ചതോടെ മാനസികമായി താനും ഇല്ലെന്ന വ്യക്തമായ സൂചനകള്‍ റൊണാള്‍ഡോ നല്‍കുകയും ചെയ്തിരുന്നു. ഉക്രൈനലെ കീവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം റയല്‍ വിടുന്ന സൂചന നല്‍കിയ റൊണാള്‍ഡോ പിന്നീട് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ സംസാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഏജന്റാണ് റയലുമായി സംസാരിച്ചത്. എന്നാല്‍ ബാര്‍സിലോണയില്‍ മെസിക്ക് ലഭിക്കുന്ന പ്രതിഫലം തനിക്ക് നല്‍കണമെന്ന വാദത്തോട് യോജിപ്പില്ലെന്ന് റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് വ്യക്തമാക്കിയതായാണ് അറിവ്. കഴിഞ്ഞ വര്‍ഷം തനിക്ക് വാഗ്ദാനം ചെയ്ത പ്രതിഫല വര്‍ധനവ് നടപ്പിലാക്കാത്തതിലുളള നീരസവും റൊണാള്‍ഡോ പ്രകടിപ്പിച്ചിട്ടുണ്ട്.
റൊണാള്‍ഡോയും റയലും തമ്മിലുള്ള നിലവിലെ കരാര്‍ കാലാവധി 2021 വരെയാണ്. എന്നാല്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സൂപ്പര്‍ താരത്തിന് പ്രതീക്ഷിച്ച മികവില്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റയല്‍ ഇപ്പോള്‍ വലിയ താല്‍പ്പര്യം അദ്ദേഹത്തിന്റെ കാര്യത്തില്‍ എടുക്കുന്നില്ലെന്നാണ് സൂചന. ഈ ചര്‍ച്ചകള്‍ക്കിടെയാണ് പാരിസ് സെന്റ് ജര്‍മന്‍ ഉടമ നാസര്‍ അല്‍ ഖിലാഫി റൊണാള്‍ഡോയുമായി ബന്ധപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് പോര്‍ച്ചുഗലുകാരനോട് അതിയായ താല്‍പ്പര്യമുണ്ട്. നെയ്മര്‍ പാരീസ് വിടുന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. അതിനാല്‍ പകരത്തിന് അദ്ദേഹത്തിന് മികച്ച താരം തന്നെ വേണം. റൊണാള്‍ഡോയാവുമ്പോള്‍ അത് ഗുണം ചെയ്യുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. റൊണാള്‍ഡോക്ക് വേണ്ടി ചൈനയും ജപ്പാനും ഖത്തറുമെല്ലാം രംഗത്തുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു
Tags: Cristiano ronaldo