X

റയല്‍ മാഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോയെ കുരുക്കാന്‍ സ്പാനിഷ് മന്ത്രാലയം

മാഡ്രിഡ്: റയല്‍മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ലീഗ് ചേക്കേറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുരുക്കാന്‍ സ്പാനിഷ് ധനകാര്യമന്ത്രാലയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ക്രിസ്റ്റ്യാനോക്ക് തലവേദനയാവുന്നത്. റൊണാള്‍ഡോ ഇറ്റലിയിലേക്ക് പോയാലും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നിലനില്‍ക്കുമെന്ന് സ്പാനിഷ് ധനകാര്യമന്ത്രാലയം അറിയിച്ചു.

സ്‌പെയിനിലെ നികുതി വിഭാഗം സെക്രട്ടറി ജെനറല്‍ ജോസ് മരിയ മൊല്ലിനെഡോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത് റൊണാള്‍ഡോ സ്‌പെയ്ന്‍ വിട്ട് സിരി എയിലേക്ക് കൂടുമാറിയാലും കേസുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്പാനിഷ് ഭരണകൂടത്തിന്റെ നികുതി വിഭാഗവും തമ്മില്‍ ദീര്‍ഘകാലമായി നിയമയുദ്ധത്തിലാണ്. നേരത്തെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിനെതിരെ രണ്ട് വര്‍ഷം തടവും 18.8 ദശലക്ഷം യൂറോ പിഴയും മന്ത്രാലയം ചുമത്തിയിരുന്നു. എന്നാല്‍ തടവിന് പകരം പിഴ അടക്കാമെന്ന് റൊണാള്‍ഡോ കഴിഞ്ഞ മാസം മന്ത്രാലയത്തെ അറിയിച്ചിരുന്നു. താരം സ്‌പെയ്ന്‍ വിട്ടതോടെ പിഴ അടക്കാന്‍ ഇനി തയ്യാറാകുമോ എന്ന കാര്യം സംശയമാണ്.

 

ഒമ്പതു വര്‍ഷമായി റയല്‍ മാഡ്രിഡിനായി കളിച്ച റൊണാള്‍ഡോ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്ലബിന്റെ പിന്തുണ ലഭിക്കാത്തതില്‍ നീരസം തുറന്നു പറഞ്ഞിരുന്നു. നികുതി കേസുമായി ബന്ധപ്പെട്ട് റൊണാള്‍ഡോയെ പിന്തുണയ്ക്കാന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് തയ്യാറാകാത്തത് താരത്തിന് ക്ലബ്ബില്‍ അതൃപ്തിയുണ്ടാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് താരത്തെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചതെന്നും ചിലര്‍ പറയുന്നു. 105 ദശലക്ഷം യൂറോക്കാണ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. നാല് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട താരത്തെ തിങ്കാളാഴ്ച ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും.

chandrika: