പാരീസ്: കൃസ്റ്റിയാനോ റൊണാള്‍ഡോ ആരാ മോന്‍……! പി.എസ്.ജിക്കാര്‍ പടക്കം പൊട്ടിച്ചു, ബാന്‍ഡ് മേളങ്ങള്‍ മുഴക്കി, ഒലെ… ഒലെ…. ഉച്ചത്തില്‍ പാടി. പക്ഷേ പോര്‍ച്ചുഗലില്‍ നിന്നുള്ള റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന്‍ 51-ാം മിനുട്ടില്‍ പി.എസ്.ജി ഗോള്‍മുഖത്തേക്ക് ഉയര്‍ന്നു ചാടിയപ്പോള്‍, ആ തലയില്‍ പന്ത് കൃത്യമായി വന്നപ്പോള്‍, ആ പന്ത് അതിശക്തിയില്‍ വലയിലെത്തിയപ്പോള്‍ ഫ്രഞ്ചുകാരുടെ വിജയ മോഹങ്ങള്‍ക്ക് മേല്‍ കാര്‍മേഘമെത്തി. മല്‍സരാവസാനത്തില്‍ കാസിമിറോ എന്ന ബ്രസീലുകാരന്‍ ആ കാര്‍മേഘത്തെ മഴയാക്കി മാറ്റി. 2-1 ന്റെ രണ്ടാം പാദ വിജയവുമായി മൊത്തം 5-2 ന്റെ കരുത്തുമായി നിലവിലെ ചാമ്പ്യന്മാര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറി.
സ്വന്തം മൈതാനത്ത് 51 മല്‍സരങ്ങള്‍ ജയിച്ചവരെന്ന പി.എസ്.ജിയുടെ ഖ്യാതിയും തച്ചുടക്കപ്പെട്ടു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലീഷുകാരായ ലിവര്‍പൂളിനെ പോര്‍ച്ചുഗീസുകാരായ പോര്‍ട്ടോ സമനിലയില്‍ തളച്ചെങ്കിലും ആദ്യപാദത്തല്‍ 5-0 വിജയത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലീഷുകാര്‍ ക്വാര്‍ട്ടറിലെത്തി.എട്ടാം തവണയാണ് റയലിന്റെ നേരിട്ടുള്ള ക്വാര്‍ട്ടര്‍ ബെര്‍ത്ത്. ആദ്യ പാദത്തിലെ 3-1 ന്റെ വിജയാവേശത്തിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു സൈനുദ്ദീന്‍ സിദാന്റെ സംഘം.
ലാലീഗയില്‍ തപ്പിതടയുന്ന സാഹചര്യത്തില്‍ മാനം കാക്കാന്‍ ചാമ്പ്യന്‍സ് ലീഗ് മാത്രമായിരുന്നു ടീമിന്റെ രക്ഷാമുഖം. ആദ്യ പകുതിയില്‍ ഗോള്‍് പിറന്നിരുന്നില്ല. കരീം ബെന്‍സേമ സുവര്‍ണാവസരം പാഴാക്കിയത് മാത്രമായിരുന്നു 45 മിനുട്ടിലെ റയലിന്റെ നഷ്ടം. രണ്ടാം പകുതി തുടങ്ങിയതും അസന്‍സിയോ തുടക്കമിട്ട നീക്കത്തില്‍ വാസ്‌ക്കസിന്റെ കിടിലന്‍ ക്രോസിന് കൃസ്റ്റിയാനോ തല വെച്ചപ്പോള്‍ പി.എസ്.ജിക്കാര്‍ തിങ്ങിനിറഞ്ഞ ഗ്യാലറി നിശബ്ദമായി. പിറകെ ചുവപ്പിന്റെ വഴിയില്‍ മാര്‍ക്കോ വരാറ്റി പുറത്തായതോടെ പി.എസ്.ജി നിരയില്‍ പത്ത് പേരായി. എങ്കിലും എഴുപതാം മിനുട്ടില്‍ കവാനിയുടെ സമനില ഗോള്‍ സ്‌റ്റേഡിയത്തിന് ആവേശമായി. പക്ഷേ കൃസ്്റ്റിയാനോയുടെ അതിവേഗതയില്‍ പിറന്ന മുന്നേറ്റത്തില്‍ കാസിമിറോയുടെ ഷോട്ട് റയലിന്റെ വിജയമുറപ്പിച്ചു.