X

ക്രിസ്റ്റിയാനോക്ക് വീണ്ടും ഗോള്‍, റെക്കോര്‍ഡ്: പോര്‍ച്ചുഗലിന് ജയം

മോസ്‌ക്കോ: മൊറോക്കോയ്‌ക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയം. സ്‌പെയ്‌നെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കളിയുടെ നാലാം മിനുട്ടില്‍ മൗനിന്യോയുടെ ക്രോസില്‍ മിന്നുന്ന ഹെഡ്ഡറിലൂടെയാണ് ഗോള്‍ വല വീണ്ടും കുലുക്കിയത്. റൊണാള്‍ഡോുടെ ഹെഡ്ഡറിനു മുമ്പില്‍ മൊറോക്കന്‍ ഗോളിക്ക് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഈ ഗോളോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന യൂറോപ്യന്‍ താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസി(84ഗോള്‍)ന്റ റെക്കേഡാണ് ക്രിസ്റ്റിയാനോ മറികടന്നത്. രാജ്യാന്തര തലത്തില്‍ 85 ഗോളുകളാണ് പോര്‍ച്ചുഗീസ് നായകന്റെ സമ്പാദ്യം.

കഴിഞ്ഞ മത്സരത്തില്‍ ഇറാനെതിരെ നിര്‍ഭാഗ്യം കൊണ്ടു തോല്‍വി പിണഞ്ഞ മൊറോക്കോ പറങ്കിപ്പടയെ വിറപ്പിച്ച പ്രകടനമാണ് പുറത്തെടുത്തത്. നിരന്തരം പോര്‍ച്ചുഗല്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയ മൊറോക്കോയുടെ പല മുന്നേറ്റങ്ങളും ഗോള്‍കീപ്പറുടെ മികവുറ്റ പ്രകടനത്തിനു മുമ്പില്‍ നിഷ്പ്രഭമാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങിയ മൊറോക്കോ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി. സ്‌പെയ്‌നെതിരെയാണ് മൊറോക്കോയുടെ ശേഷിക്കുന്ന മത്സരം. അതേസമയം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇറാനാണ് പോര്‍ച്ചുഗലിന്റെ എതിരാളി.

രണ്ടു മത്സരങ്ങളില്‍ നിന്നായി നാലു ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലാണ്. മൂന്ന് ഗോളുമായി റഷ്യയുടെ ഡെന്നീസ് ചെറിഷേവ്, രണ്ടു ഗോളുകള്‍ വീതം നേടിയ ബെല്‍ജിയത്തിന്റെ ലുക്കാകൂ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. ഇതാദ്യമായാണ് രാജ്യത്തിനായി ഒരു ടൂര്‍ണ്ണമെന്റില്‍ മൂന്നിലധികം ഗോളുകള്‍ ക്രിസ്റ്റിയാനോ നേടുന്നത്.

chandrika: