X

ക്രിസ്റ്റ്യാനോയെ ബാഴ്‌സലോണക്ക് കൈമാറാന്‍ തയാറെന്ന് യുവന്റസ്

പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണക്ക് കൈമാറാന്‍ തയ്യാറെന്ന് ഇറ്റാലിയന്‍ ക്ലബ് യുവന്റസ്. താരത്തിനു നല്‍കുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ താരത്തെ ഒഴിവാക്കാന്‍ യുവന്റസ് ശ്രമിക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗുയിലെം ബലാഗ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന കണക്കുകൂട്ടലോടെയാണ് യുവന്റസ് ഉയര്‍ന്ന തുക മുടക്കി ബാഴ്‌സലോണയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. 2018ല്‍ ടീമിലെത്തിയെങ്കിലും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ യുവന്റസിനായില്ല. അതുകൊണ്ട് തന്നെ ക്രിസ്റ്റ്യാനോ ടീമിലുള്ളതു കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് യുവന്റസ് കണക്കുകൂട്ടുന്നു. 28 മില്യണ്‍ യൂറോ പ്രതിഫലം വാങ്ങുന്ന താരത്തെ ബാഴ്‌സക്ക് കൈമാറി സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. ബാഴ്‌സ ഉള്‍പ്പെടെ നിരവധി ക്ലബുകള്‍ക്ക് മുന്നില്‍ യുവന്റസ് ക്രിസ്റ്റ്യാനോയെ വെച്ചിട്ടുണ്ടെന്നും അത്രയും പണം മുടക്കി താരത്തെ ആര് വാങ്ങാനാണെന്നും ബലാഗ് ചോദിക്കുന്നു.

നേരത്തെ തന്നെ ക്രിസ്റ്റ്യാനോ അടക്കം ഉയര്‍ന്ന ശമ്പളം വാങ്ങുന്ന താരങ്ങളെ യുവന്റസ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരങ്ങള്‍ ശമ്പളം വെട്ടിച്ചുരുക്കാന്‍ തയ്യാറായെങ്കിലും ക്ലബിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ശമ്പളം വാങ്ങുന്ന താരങ്ങളെ ക്ലബ് റിലീസ് ചെയ്യുമെന്നായിരുന്നു സൂചന. 2022 വരെയാണ് നിലവില്‍ യുവന്റസിലെ ക്രിസ്റ്റ്യാനോയുടെ കരാര്‍.

Test User: