X

റയലിന് വലന്‍സിയ ഷോക്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെതിരെ വലന്‍സിയക്ക് അട്ടിമറി ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വലന്‍സിയ റയലിനെ അട്ടിമറിച്ചത്. റയലിനു വേണ്ടി ക്രിസ്റ്റ്യാനേ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും മത്സരം ജയിക്കാന്‍ ഇതു മതിയായിരുന്നില്ല. മത്സരത്തില്‍ റയലിനു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ ക്രിസ്റ്റ്യാനോ എഴുന്നൂറ് ഗോളുകള്‍ തികച്ചു. തോല്‍വിയോടെ ഒന്നാം സ്ഥാനത്തുള്ള റയലും ബാഴ്‌സയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമായി ചുരുങ്ങി. 23 കളികളില്‍ 51 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച റയല്‍ 22 മത്സരങ്ങളില്‍ നിന്നും 52 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 49 പോയിന്റുമായി സെവില്ല ഇരു ടീമുകള്‍ക്കും വെല്ലുവിളിയുമായി മൂന്നാമതാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ക്കേ മികച്ച ഫോമിലായിരുന്ന റയലിനെതിരെ അപ്രതീക്ഷിതമായി വലന്‍സിയ മുന്നേറുകയായിരുന്നു. നാലാം മിനിറ്റില്‍ സിമോണി സാസയിലൂടെയാണ് വലന്‍സിയ മുന്നിലെത്തിയത്. ബാഴ്‌സലോണയില്‍ നിന്ന് കരാറടിസ്ഥാനത്തില്‍ വലന്‍സിയയില്‍ എത്തിയ മുനീറിന്റെ ഒരു ക്രോസ് ഹാഫ് വോളിയിലൂടെ സാസ അനായാസം വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പ് രണ്ടാം ഗോളും റയല്‍ വലയില്‍ വീണു. ഒമ്പതാം മിനിറ്റില്‍ നാനിയുടെ പാസില്‍ നിന്നും ഫാബിയന്‍ ഏരിയല്‍ ഒരലാനയാണ് ഗോള്‍ നേടിയത്. റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ നവാസിന്റെ അബദ്ധം ഗോളില്‍ കലാശിക്കുകയായിരുന്നു. ആദ്യ പത്തു മിനിറ്റിനകം രണ്ട് ഗോള്‍ വഴങ്ങിയതോടെ ശരിക്കും വെട്ടിലായ റയല്‍ സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു. 41ാം മിനിറ്റില്‍ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ലെഫ്റ്റ് വിങ്ങില്‍ നിന്നും മാഴ്‌സലോ നല്‍കിയ ക്രോസ് മനോഹരമായ ഒരു ഹെഡറിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലക്കുള്ളിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ നിരന്തരം വലന്‍സിയയുടെ ഗോള്‍ മുഖത്തേക്ക് റയല്‍ ആക്രമണം അഴിച്ചു വിട്ടെങ്കിലും എല്ലാം വലന്‍സിയയുടെ പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ എന്നുറച്ച ഒരു ഹെഡര്‍ വലയില്‍ എത്താതെ പോയതോടെ റയല്‍ മാഡ്രിഡ് പരാജയം ഉറപ്പിച്ചു. സീസണില്‍ ലാ ലിഗയില്‍ റയലിന്റെ രണ്ടാം പരാജയമാണിത്. ആദ്യ പത്തു മിനിറ്റിലാണ് ടീം തോറ്റതെന്നും രണ്ടു ഗോള്‍ പത്തു മിനിറ്റിനകം വഴങ്ങിയതാണ് തോല്‍വിയുടെ കാരണമെന്നും മത്സര ശേഷം സിദാന്‍ പറഞ്ഞു. തോറ്റെന്നു കരുതി വലിയ പ്രശ്‌നമായി കരുതുന്നില്ല, തോല്‍വിക്ക് സ്വയം പഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

chandrika: