മാഡ്രിഡ് : ലാലീഗയില്‍ ക്രിസ്റ്റ്യനോയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരെ തോല്‍വിയില്‍ നിന്ന് തടിതപ്പി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂ തുടര്‍ച്ചായാ രണ്ടാം തോല്‍വിയും പിണയുന്ന സാഹചര്യത്തിലാണ് ലൂക്കാ മോഡ്രിച്ച് അസിസ്റ്റില്‍ പോര്‍ച്ചുഗല്‍ താരം ബാക്ക് ഹീല്‍ ഗോളിലൂടെ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് സമനില നേടിക്കൊടുത്തത്. ചാമ്പ്യന്‍സ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായി 3-1ന് റയല്‍ തോറ്റിരുന്നു.
കളിയുടെ പതിനാലാം മിനുട്ടില്‍ സ്പാനിഷ് താരം ഇനാകി വില്ല്യംസ് മനോഹരമായ ചിപ്പ് ഗോളിലൂടെ ബില്‍ബാവോയെ മുന്നിലെത്തിച്ചു. കളിയില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം റയലിന് അകന്നു നിന്നു. 66 ശതമാനം ബോള്‍ പൊസിഷനുണ്ടായിരുന്ന റയല്‍ 29 ഷോട്ടുകളാണ് ഗോള്‍ മുഖം ലക്ഷ്യമാ്ക്കി അടിച്ചത്. ഒടുവില്‍ സ്‌കോറിങില്‍ മികച്ച ഫോം തുടരുന്ന പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ റയല്‍ സമനില ഗോള്‍ നേടുകയായിരുന്നു. കഴിഞ്ഞ 16 കളികളില്‍ നിന്നായി ക്രിസ്റ്റ്യാനോയുടെ 26-ാം ഗോളാണിത്. ലീഗ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ 24 ഗോളോടെ ബാര്‍സിലോണ താരം മെസ്സിക്കു (29 ഗോള്‍) പിന്നില്‍ രണ്ടാമതാണ് ക്രിസറ്റിയാനോ. 33 കളില്‍ 68 പോയന്റുള്ള റയല്‍ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. ബാര്‍സലോണ (83 പോയന്റ്) അത്‌ലറ്റിക്കോ മാഡ്രിഡ് (71) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.