സൈപ്രസ്: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു ഗോള്‍ നേടാനായാല്‍ ക്രിസ്റ്റിയാനോക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്താം . ഒരു കലണ്ടര്‍ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോക്ക് ഇന്ന് തിരുത്തി എഴുതാനാവുക. പോര്‍ച്ചുഗീസ് താരം 2015 കലണ്ടര്‍ വര്‍ഷം റയല്‍ മാഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗില്‍ 16 ഗോള്‍ നേടിയതാണ് റെക്കോര്‍ഡ്. നടപ്പുവര്‍ഷം 16 ഗോള്‍ നേടിയ താരത്തിന് ഇന്നു ഗോള്‍ നേടാനായാല്‍ പുതിയ റെക്കോര്‍ഡിന് ഉടമയാവാം.
സ്പാനിഷ് ലാലീഗിയില്‍ ഗോള്‍ നേടാന്‍ വിഷമിക്കുന്ന ലോകഫുട്‌ബോളര്‍ ചാമ്പ്യന്‍ ലീഗില്‍ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാലു കളിയില്‍ ആറു ഗോളാണ് റൊണാള്‍ഡോയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ഇതുവരെയുള്ള പ്രകടനം. ഇന്ന് സൈപ്രസ് ക്ലബ് അപോയിലിനെ നേരിടുന്ന റയലിനു വേണ്ടി ഫോം തുടരനാവുമെന്ന പ്രതീക്ഷയിലാണ് താരം.
ഒരുവര്‍ഷം ചാമ്പ്യന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ടോപ് ടെന്‍ പട്ടികയില്‍ ആദ്യ ആറു സ്ഥാനങ്ങളില്‍ അഞ്ചും റെണാള്‍ഡോയുടെ പേരിലാണ്. ബാര്‍സിലോണയുടെ സൂപ്പര്‍ താരം മെസ്സിയുടെ പേര് നാലു സ്ഥാനങ്ങളില്‍ ഉണ്ട്. ബയേണ്‍ മ്യൂണികിന്റെ പോളീഷ് താരം ലെവന്‍ഡ്ക്‌സിയാണ് ക്രിസ്റ്റിയാനോ-മെസ്സിയെ കൂടാതെ പട്ടികയിലല്‍ ഇടം നേടിയ ഏകതാരം
വെംബ്ലിയില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനോട് കഴിഞ്ഞ മത്സരത്തില്‍ തോറ്റ നിലവിലെ ജേതാക്കളായ റയലിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അപോയിലിനെതിരെ വിജയിക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബെറൂസിയാ ഡോട്ട്മുണ്ടിനെയാണ് റയല്‍ നേരിടുക. ഗ്രൂപ്പ് എച്ചില്‍ 10 പോയിന്റുമായി ടോട്ടന്‍ഹാമാണ് മുന്നില്‍.രണ്ടാമതുള്ള റയലിന്റെ പോയിന്റ് സമ്പാദ്യം ഏഴാണ്. രണ്ടു പോയിന്റു വീതം നേടി ഡോട്ട്മുണ്ടും അപോയിലും മൂന്നും നാലും സ്ഥാനങ്ങളിലാണ്